ഒടുവിൽ പുറത്തേക്കോ?; രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചേക്കും

സിദ്ദിഖിനെതിരെ നിയമ നടപടിക്ക് സാധ്യതയെന്ന് സൂചന

Update: 2024-08-24 17:35 GMT
Advertising

തിരുവനന്തപുരം:നീറി പുകഞ്ഞ വിവാദങ്ങൾക്കൊടുവിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെച്ചേക്കുമെന്ന് സൂചന. രഞ്ജിത്ത് വരും ദിവസങ്ങളിൽ രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകള്‍. പാലാരിമാണിക്യം സിനിമയുടെ സെറ്റിൽ വെച്ച് ലൈം​ഗികമായി അതിക്രമിച്ചെന്ന ബംഗാളി നടിയുടെ ആരോപണത്തിന് പിന്നാലെ സ്ഥാനം രാജിവെക്കണമെന്നാവശ്യം ശക്തമായിരുന്നു. രഞ്ജിത്തിന്റെ രാജിക്കായി സമ്മർദം ചെലുത്തി സിപിഐയും എഐവൈഎഫും രം​ഗത്തുവന്നതോടെ സർക്കാർ സമ്മർ​ദത്തിലാണ്. കടുത്ത സമ്മർദം ഉയർന്നുവന്നിട്ടും വിഷയത്തിൽ നടപടിയെടുത്തില്ലെങ്കിൽ സർക്കാറിന്റെ പ്രതിച്ഛായ നഷ്ടപ്പെടുമെന്ന് പാർട്ടി തലങ്ങളിൽ നിന്ന് വിമർശനമുയർന്നിരുന്നു.

രഞ്ജിത്തിനു പ്രതിരോധവുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ രം​ഗത്തുവന്നതും പ്രതിഷേധത്തിടയാക്കി. നടി രേഖാമൂലം പരാതി നൽകിയാൽ ശക്തമായ നടപടിയുണ്ടാകും. ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ്. കേസിൽ നിരപരാധിയാണെങ്കിൽ എന്തു ചെയ്യും? ഏത് ഉന്നതനായാലും പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കും. രഞ്ജിത്തിനെ പ്രതിരോധിച്ച് മന്ത്രി പറഞ്ഞതിങ്ങനെയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ എല്ലാ നിർദേശങ്ങളും ഒന്നൊന്നായി നടപ്പാക്കുമെന്നും സിനിമാ വ്യവസായത്തെ ഒന്നാകെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അമ്മ ജന.സെക്രട്ടറി സിദ്ദിഖിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായാണ് യുവ നടി രംഗത്തു വന്നത്. സിദ്ദിഖിൽ നിന്നും ലൈ​ഗികാതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു യുവ നടിയുടെ വെളിപ്പെടുത്തൽ. 'അമ്മ' എന്ന സംഘടനയുടെ അധികാര കേന്ദ്രത്തിലിരിക്കുന്ന സിദ്ദിഖ് ക്രിമിനലാണെന്നും ഇപ്പൊൾ കാണുന്ന മുഖമല്ല അയാളുടേതെന്നും നടി പറഞ്ഞു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News