കൈതപ്രം കൊലക്ക് കാരണം രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തുടരാൻ സാധിക്കാത്ത വിരോധം; എഫ്ഐആര്‍ റിപ്പോര്‍ട്ട്
പ്രതി സന്തോഷുമായുള്ള സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണന്‍ ഭാര്യയെ കഴിഞ്ഞ ദിവസം മര്‍ദിച്ചിരുന്നു


കണ്ണൂർ: കൈതപ്രത്ത് മധ്യവയസ്കനെ വെടിവെച്ചുകൊന്ന കേസിലെ എഫ്ഐആർ വിവരങ്ങൾ പുറത്ത്. കൊലക്ക് കാരണം രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തുടരാൻ സാധിക്കാത്ത വിരോധത്തിലെന്ന് എഫ്ഐആർ. പ്രതി സന്തോഷിന്‍റെയും കൊല്ലപ്പെട്ട രാധാകൃഷ്ണന്‍റെയും കുടുംബവും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു.സന്തോഷും രാധാകൃഷ്ണന്‍റെ ഭാര്യയും സഹപാഠികളായിരുന്നു. ഈ സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണന്‍ ഭാര്യയെ കഴിഞ്ഞ ദിവസം മര്‍ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നും സന്തോഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഇന്നലെ രാവിലെ രാധാകൃഷ്ണനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ പ്രതി ഇയാളുടെ വീട്ടിലെത്തിയിരുന്നു. തൊട്ടുമുമ്പ് രാധാകൃഷ്ണനെ കൊലപ്പെടുത്തുമെന്ന തരത്തിലുള്ള ഒരു ഭീഷണി സന്ദേശം ഇയാൾ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ രാവിലെ കൊലപാതകം നടത്താൻ കഴിയാത്ത തിരിച്ചുപോയ സന്തോഷ് വീട്ടിലെത്തി തോക്കുമായി വൈകിട്ടോടെ മടങ്ങിയെത്തി. നിർമ്മാണം നടക്കുന്ന വീട്ടിൽ എത്തി രാധാകൃഷ്ണന് നേരെ വെടിയുതിർത്തു. നെഞ്ചിൽ വെടിയേറ്റ രാധാകൃഷ്ണൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വെടി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്
കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്ത് തുടർന്ന സന്തോഷിനെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. കാട്ടുപന്നികളെ വെടിവെക്കുന്നതിൽ പരിശീലനം നേടിയ ആളാണ് സന്തോഷ്. കേസിൽ പ്രതി സന്തോഷ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. രാവിലെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും.ശേഷം ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.