മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് അഞ്ച് ദിവസം: ഇന്നും തെരച്ചില്‍ തുടരും
മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി അഞ്ച് ദിവസമായിട്ടും ഇനിയും കണ്ടെത്താനായില്ല. തെരച്ചിൽ ഊർജിതമാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
പൊന്നാനിയിൽ നിന്നും കാണാതായ മത്സ്യത്തൊഴിലാളികൾക്കായി ഇന്നും തെരച്ചിൽ തുടരും. മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി അഞ്ച് ദിവസമായിട്ടും ഇനിയും കണ്ടെത്താനായില്ല. തെരച്ചിൽ ഊർജിതമാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ ഫൈബർ വള്ളം മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മാത്രമാണ് ഇതിനോടകം രക്ഷപ്പെട്ടത്. കാണാതായ അന്ന് മുതൽ തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും മൂന്ന് മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനായില്ല, കോസ്റ്റ് ഗാർഡും, ഫിഷഫറീസും, കോസ്റ്റൽ പൊലീസും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് തീരങ്ങളിലാണ് നിലവിൽ തെരച്ചിൽ പുരോഗമിക്കുന്നത് .
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കഴിഞ്ഞ രണ്ട് ദിവസവും ഉച്ചവരെ മാത്രമായിരുന്നു തെരച്ചിൽ . ഇതിനിടെ കാണാതായവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് പൊന്നാനിയിലെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. തെരച്ചിലിനായി സർക്കാർ സംവിധാനങ്ങൾ പൂർണമായി ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലിലും, ഹെലികോപ്പ്റ്ററിലും ഒരു ദിവസം പൂർണമായും പൊന്നാനി മുതൽ ബേപ്പൂർ വരെ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരുമെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പൊന്നാനി മുക്കാടി സ്വദേശികളായ ബീരാൻ, ഇബ്രാഹിം,മുഹമ്മദലി എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അപകടത്തിൽപെട്ട മുക്കാടി സ്വദേശി ഹംസക്കുട്ടിയാണ് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളി.