സംസ്ഥാനത്ത് ഫ്ലാറ്റ് പെർമിറ്റ് ഫീസ് കുത്തനെ കൂട്ടി; 20 മടങ്ങ് വർധന
10,000 ചതുരശ്ര മീറ്റര്‍ ഫ്ലാറ്റിന് പെർമിറ്റ് ഫീസ് 20 ലക്ഷം രൂപയായി. ഒരു ലക്ഷം രൂപയിൽ നിന്നാണ് ഉയർത്തിയത്.
തിരുവനന്തപുരം:സംസ്ഥാനത്ത് ഫ്ലാറ്റ് പെർമിറ്റ് ഫീസും കുത്തനെ കൂട്ടി. പെർമിറ്റ് ഫീസിൽ 20 മടങ്ങാണ് വർധനവ്. 10,000 ചതുരശ്ര മീറ്റര്‍ ഫ്ലാറ്റിന് പെർമിറ്റ് ഫീസ് 20 ലക്ഷം രൂപയായി. ഒരു ലക്ഷം രൂപയിൽ നിന്നാണ് ഉയർത്തിയത്.
കെട്ടിടനിർമാണങ്ങളുടെ പെർമിറ്റ് ഫീസുകളിലൊക്കെ വലിയ രീതിയിലുള്ള വർധനവാണ് വരുത്തിയിരിക്കുന്നത്. നേരത്തെ വീടുകൾക്കും വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്കുമുള്ള പെർമിറ്റ് ഫീസ് കുത്തനെ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഫ്ലാറ്റ് പെർമിറ്റ് ഫീസും കുത്തനെ വർധിപ്പിച്ചിരിക്കുന്നത്. 10,000 ചതുരശ്ര അടി ഫ്ലാറ്റ് നിർമിക്കുന്നതിന് നേരത്തെ ഒരു ലക്ഷം രൂപയാണ് ഈടാക്കിയിരുന്നത്. ഇതാണ് ഇരുപത് മടങ്ങ് വർധിപ്പിച്ച് ഇരുപത് ലക്ഷമാക്കി ഉയർത്തിയിരിക്കുന്നത്.
കോർപറേഷനിൽ 300 ചതുരശ്ര മീറ്റർ ഫ്ലാറ്റ് നിർമിക്കുന്നതിന് ഒരു ചതുരശ്ര മീറ്ററിന് പത്ത് രൂപ എന്ന നിരക്കിലായിരുന്നു നേരത്തെ പെർമിറ്റ് ഫീസ് ഈടാക്കിയിരുന്നത്. ഇപ്പോൾ ഒരു ചതുരശ്ര മീറ്ററിന് 200 രൂപ എന്ന നിരക്കിലായി. കോർപ്പറേഷനുകൾ അധിക സർവീസ് ചാർജ് ഈടാക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു നടപടി. 20 ലക്ഷം രൂപയുടെ രണ്ട് ശതമാനമാണ് അധിക സർവീസ് ചാർജായി ഈടാക്കുക. അതായത് ആകെ 22 ലക്ഷം രൂപയാണ് പെർമിറ്റ് ചാർജായി നൽകേണ്ടി വരിക. ഇതോടെ സംസ്ഥാനത്തെ വൻകിട നിർമാതാക്കളും പ്രതിസന്ധിയിലായിരിക്കുകയാണ്. ഫ്ലാറ്റ് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും പുതിയ നടപടി തിരിച്ചടിയാകും.