ലാബിൽ കെട്ടി കിടക്കുന്നത് 73,445 സാമ്പിളുകൾ; സംസ്ഥാനത്ത് ഫൊറൻസിക് പരിശോധനാ ഫലങ്ങൾ വൈകുന്നു
ഫലം വൈകുന്നത് പല കേസുകളേയും ബാധിക്കും
കൊച്ചി : സംസ്ഥാനത്ത് ഫൊറൻസിക് പരിശോധന ഫലങ്ങൾ വൈകുന്നു. എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഷൻ ലാബിൽ മാത്രം പരിശോധന കാത്ത് കിടക്കുന്നത് 73,445 സാമ്പിളുകൾ. പരിശോധന വൈകുന്നതിനാൽ പല കേസുകളുടേയും അന്വേഷണം പാതിവഴിയിലാണ്.
ഫൊറൻസിക് പരിശോധന ഫലങ്ങളാണ് പല കുറ്റകൃത്യങ്ങളും തെളിയിക്കുന്നതിൽ നിർണായകം. എന്നാൽ കാക്കനാട്ടെ റീജിയണൽ കെമിക്കൽ എക്സാമിനേഷൻ ലാബിൽ ഫൊറൻസിക് പരിശോധനകൾ നടക്കുന്നില്ല എന്നതാണ് വിവരാവകാശ നിയമം പ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നത്.
24,127 കേസുകളിലായി 73,445 സാമ്പിളുകൾ പരിശോധന കാത്ത് ലാബിൽ കെട്ടി കിടക്കുകയാണ്.വിവരാവകാശ നിയമപ്രകാരം 2024 ഫെബ്രുവരി 10 വരെയുള്ള കണക്കാണിത്. പരിശോധനഫലം ലഭിക്കാത്തത് കേസന്വേഷണങ്ങളെ സാരമായി ബാധിക്കും. കാക്കനാട്ടെ ലാബിൽ ജീവനക്കാരുടെ ഒഴിവോ പരിശോധനക്ക് മറ്റ് തടസങ്ങളോ ഇല്ലാ എന്നാണ് വിവരാവകാശ രേഖ സൂചിപ്പിപ്പിക്കുന്നത്. ഫലം വൈകുന്നതിനുള്ള കാരണം എന്താണെന്നത് സർക്കാർ പരിശോധിക്കണമെന്നാണ് ആവശ്യം.