കാട്ടാനാകളെ പ്രകോപിപ്പിച്ച് വീഡിയോ: വ്‌ളോഗർ അമല അനു ഒളിവില്‍; അറസ്റ്റ് ചെയ്യാൻ നീക്കം
ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടും എത്താത്തതിനെ തുടർന്നാണ് നടപടി
കൊല്ലം: മാമ്പഴത്തറ വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനാകളെ പ്രകോപിപ്പിച്ചു വീഡിയോ ചിത്രീകരിച്ച വ്‌ളോഗർ അമല അനുവിനെ സൈബർ സെല്ലിൻറെ കൂടി സഹായത്തോടെ അറസ്റ്റ് ചെയ്യാൻ നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടും എത്താത്തതിനെ തുടർന്നാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥൻ പുനലൂർ വനം കോടതിയിൽ വിശദറിപ്പോർട്ട് നൽകി. മാമ്പഴത്തറ റിസർവ് വനത്തിൽ ഹെലിക്യാം ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയതിനും കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു തുടങ്ങിയ കുറ്റങ്ങൾക്ക് വ്‌ലോഗർക്കെതിരെ കേസെടുത്തിരുന്നു.
കിളിമാനൂർ സ്വദേശി അമല അനു ഒളിവിലെന്നാണ് വനം വകുപ്പ് പറയുന്നത്. എട്ട് മാസം മുമ്പാണ് അമല അനു വിവാദ വീഡിയോ തന്റെ യൂടൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നത്. അമല സാഹസികമായി കാട്ടിലേക്ക് കയറുന്നതും കലിപൂണ്ട കാട്ടാന അമലയെ ഓടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ അന്ന് അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ചില ട്രോൾ ഗ്രൂപ്പുകളിലും ഓൺലൈൻ പേജുകളിലുമായി വൈറലായി.
തുടർന്ന് വനം വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടതോടെ വീഡിയോ പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. സംരക്ഷിത വനമേഖലയിൽ അതിക്രമിച്ചുകയറിയതിനും ആനയെ പ്രകോപിപ്പിച്ചതിനും വന്യജീവി സംരക്ഷണനിയമപ്രകാരം എട്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളും കൂട്ടത്തിലുണ്ട്. കേസെടുത്തെന്നറിഞ്ഞതോടെ അമല തന്റെ പേജിൽ നിന്നും വീഡിയോ നീക്കം ചെയ്തു.