കനത്ത മഴയിൽ കണ്ണീരണിഞ്ഞ് ആയിരങ്ങൾ; വഴിയരികിൽ കുഞ്ഞൂഞ്ഞിനെയും കാത്ത്...
രാവിലെ ഏഴ് മണിക്ക് പുതുപ്പള്ളി ഹൗസിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര മൂന്നുമണിക്കൂർ കൊണ്ട് കേവലം പതിനഞ്ച് കിലോമീറ്റർ മാത്രമാണ് പിന്നിട്ടത്.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര കോട്ടയെത്തേക്കുള്ള വഴിയിൽ. അഞ്ചുപതിറ്റാണ്ടിലേറെ തലസ്ഥാനത്ത് നിറഞ്ഞുനിന്ന ജനനേതാവിന് വിട നൽകാൻ കനത്ത മഴ വകവെക്കാതെ ആയിരങ്ങളാണ് വഴിയിലുടനീളം കാത്തുനിൽക്കുന്നത്. രാവിലെ ഏഴ് മണിക്ക് പുതുപ്പള്ളി ഹൗസിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര മൂന്നുമണിക്കൂർ കൊണ്ട് കേവലം പതിനഞ്ച് കിലോമീറ്റർ മാത്രമാണ് പിന്നിട്ടത്.
വൈകിട്ട് അഞ്ചുമണിയോടെ കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം നടക്കും. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിൽ എത്തിക്കുമെന്നാണ് വിവരം. എംസി റോഡിൽ പുലർച്ചെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകൾക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെയാണ് അന്ത്യശുശ്രൂഷകൾ ആരംഭിക്കുക.
വിലാപയാത്ര പോകുന്ന വഴികളിൽ ജനങ്ങൾക്ക് പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ജനങ്ങൾക്ക് അവസരമുണ്ടാക്കുന്നുണ്ട്. നിറകണ്ണുകളോടെ പ്രായമായവരും കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവരും വഴിയരികിൽ നിൽക്കുന്നുണ്ട്.