പാലക്കാട് എംഡിഎംഎയുമായി അമ്മയും മകനും ഉൾപ്പെടെ പിടിയിൽ
ഇവരിൽനിന്ന് 12 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.


പാലക്കാട്: വാളയാറിൽ എംഡിഎംഎയുമായി അമ്മയും മകനും ഉൾപ്പെടെ നാലു പേർ പിടിയിൽ. വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിലാണ് എംഡിഎംഎയുമായി നാൽവർ സംഘം പൊലീസിൻ്റെ പിടിയിലായത്.
എറണാകുളം സ്വദേശിനിയായ അശ്വതി, മകൻ ഷോൺ സണ്ണി, കോഴിക്കോട് സ്വദേശികളായ മൃദുൽ, അശ്വിൻ ലാൽ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 12 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു മയക്കുമരുന്ന്.
ഇതിനിടെ, മലപ്പുറം ഐക്കരപ്പടിയിൽ 29 ഗ്രാം ബ്രൗൺഷുഗറുമായി യുവാവ് പിടിയിലായി. ചേലേമ്പ്ര സ്വദേശി മുഹമ്മദ് നിഷാദ് ആണ് എക്സൈസിന്റെ പിടിയിലായത്. വാഹന പരിശോധനയ്ക്കിടെയാണ് നിഷാദിനെ പിടികൂടിയത്.
നേരത്തെ, മലപ്പുറം വളാഞ്ചേരിയിൽ 27 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായിരുന്നു. മൂർക്കനാട് സ്വദേശി ഫഹദ്, തിരുവേഗപ്പുറ സ്വദേശി ഫാസിൽ എന്നിവരാണ് പിടിയിലായത്. വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചത്.
പട്ടാമ്പി, വളാഞ്ചേരിയിലെ തിരുവേഗപ്പുറ, പുറമണ്ണൂർ, കൊടുമുടി പ്രദേശങ്ങളിലിലെ കോളജുകൾ കേന്ദ്രീകരിച്ചും ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും വിൽപന നടത്താനെത്തിച്ച എംഡിഎംഎയുമായാണ് യുവാക്കൾ പിടിയിലായത്.