'എ സർട്ടിഫിക്കറ്റുള്ള ചിത്രമെങ്ങനെ കുട്ടികളെ കാണിച്ചു?, ബാലാവകാശ കമ്മീഷന് കേസെടുക്കാം'; കേരള സ്റ്റോറി വിവാദത്തിൽ ഫാ.ജയിംസ് പനവേലിൽ

ഇടുക്കി രൂപത 'കേരള സ്റ്റോറി' പ്രദർശിപ്പിച്ചതിനു ബദലായി പള്ളിയിൽ കുട്ടികൾക്കായി മണിപ്പുർ സ്റ്റോറി പ്രദർശിപ്പിച്ച് ശ്രദ്ധനേടിയ വ്യക്തിയാണ് ഫാ. ജയിംസ് പനവേലിൽ

Update: 2024-04-12 08:21 GMT
Editor : Lissy P | By : Web Desk
Advertising

ആലപ്പുഴ: 'ദി കേരള സ്റ്റോറി'  കണ്ടുതീർക്കാൻ പറ്റാത്തത്ര അരോചകമായ സിനിമയാണെന്ന് വൈപ്പിൻ സാൻജോപുരം സെയ്ന്റ് ജോസഫ്സ് പള്ളിയിലെ വൈദികൻ ഫാ. ജയിംസ് പനവേലിൽ. 'എ' സർട്ടിഫിക്കറ്റുള്ള ചിത്രമെങ്ങനെ കുട്ടികളെ കാണിച്ചു? ബാലാവകാശ കമ്മിഷനു കേസെടുക്കാവുന്ന കാര്യമാണ്.സിനിമ പ്രൊപ്പഗാൻഡയാണെന്നു വ്യക്തം. ഒരു സിനിമയെന്ന നിലയിലും കലാസൃഷ്ടിയെന്ന നിലയിലും പരാജയമാണ്. നമ്മുടെ സിനിമകളെ മറ്റ് ഇൻഡസ്ട്രികൾ അനുമോദിക്കുന്ന കാലത്താണ് ഇങ്ങനെയൊരു 'കലാസൃഷ്ടി' പ്രചരിച്ചതെന്നും ഫാ.ജയിംസ് പനവേലിൽ പറയുന്നു. 'മാതൃഭൂമി' ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പനവേലിന്റെ പ്രതികരണം.

ഇടുക്കി രൂപത 'കേരള സ്റ്റോറി' പ്രദർശിപ്പിച്ചതിനു ബദലായി പള്ളിയിൽ കുട്ടികൾക്കായി മണിപ്പുർ സ്റ്റോറി പ്രദർശിപ്പിച്ച് ശ്രദ്ധനേടിയ വ്യക്തിയാണ് ഫാ. ജയിംസ് പനവേലിൽ. ലവ് ജിഹാദുണ്ടെന്നു പ്രചരിപ്പിക്കുന്നവർ മാമ്മോദീസ മുങ്ങി ക്രിസ്തുമതം സ്വീകരിച്ച് കല്യാണം കഴിക്കുന്നവരെക്കുറിച്ച് പറയാത്തതെന്താണെന്നും, സ്വന്തം മതത്തിൽനിന്ന് അങ്ങോട്ടു പോകുമ്പോഴേ പ്രശ്‌നമുള്ളോയെന്നും അദ്ദേഹം ചോദിച്ചു.

'ക്രിസ്ത്യൻ പള്ളികളിൽ മിശ്രവിവാഹം കൂദാശയായി നടത്തണമെങ്കിൽ മാമ്മോദീസ മുങ്ങി ക്രിസ്ത്യാനിയാകണം. അങ്ങനെ എത്രയോപേർ വിവാഹം ചെയ്യുന്നു. അതിനെ ആരും ജിഹാദായി കാണുന്നില്ലല്ലോ. ക്രിസ്തുമതത്തിലേക്കു മാറാതെ കല്യാണം കഴിക്കാനാണെങ്കിൽ ആശീർവാദം മാത്രം കൊടുക്കും. എങ്കിൽ മാമ്മോദീസ മുങ്ങേണ്ടാ. എന്നാൽ, ഇവരുടെ സന്താനങ്ങളെ ക്രൈസ്തവരായി വളർത്തണമെന്നു വ്യവസ്ഥ വെക്കും. പിന്നീടാരും അതേക്കുറിച്ച് അന്വേഷിക്കാറില്ലെങ്കിലും അതാണു ചട്ടം. മറ്റു രൂപതകളിൽ ആശീർവാദം ചെയ്തുകൊടുക്കുന്നില്ലെന്നു പറഞ്ഞ് പലരും എറണാകുളത്തേക്കു വരാറുണ്ട്. ഈ സാഹചര്യങ്ങൾ നിലനിൽക്കേ, അപരമതവിദ്വേഷം പ്രചരിപ്പിക്കുന്നതിന് എന്താണർഥമുള്ളത്? പ്രണയവും വഞ്ചനയും എല്ലാ മതത്തിലുമില്ലേ?'.. അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

പ്രണയത്തെ പ്രണയമായും കുറ്റകൃത്യത്തെ കുറ്റകൃത്യമായും കാണണം. അതിൽ മതത്തിന്റെ ധ്രുവീകരണത്തിനു ശ്രമിക്കരുതെന്നും ഫാ.ജയിംസ് പറഞ്ഞു. ഇത്തവണ പെസഹ വ്യാഴാഴ്ച സ്ത്രീകളുടെ കാൽകഴുകൽ ശുശ്രൂഷ നടത്താനുള്ള തീരുമാനത്തെക്കുറിച്ചും  അദ്ദേഹം സംസാരിക്കുന്നുണ്ട്.'എത്രയോ കാലമായി അടിച്ചമർത്തപ്പെടുന്നവരാണ് കന്യാസ്ത്രീകൾ. അവരുടെ കാൽകഴുകേണ്ടത് എന്റെ കടമയായിട്ടാണു തോന്നിയത്.സ്വാഭാവികപ്രക്രിയ മാത്രമാണത്. അതു സംവരണമല്ല. തുല്യതയാണ്'. അദ്ദേഹം പറഞ്ഞു.

'നന്മ ചെയ്യാന്‍ ആരുടെയും അനുവാദം വേണ്ട. എന്നും മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനംചെയ്ത കാര്യമാണത്. അപ്പോഴാണ് ആലഞ്ചേരിപ്പിതാവ് ‘ഞങ്ങളുടെ സഭയും നാടും അതിനു പാകമായിട്ടില്ലെ’ന്നു പറഞ്ഞ് വത്തിക്കാനോട് ഇളവുചോദിച്ചത്. ചരിത്രപരമായ മണ്ടത്തരമാണത്. എന്റെ ഇടവക അതിനു പാകപ്പെട്ടുവെന്ന് തനിക്ക് തോന്നിയെന്നും ഫാ. ജയിംസ് പനവേലിൽ പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News