ശബരിമലയില്‍ അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ

തിരക്കേറുമ്പോൾ മൊബൈൽ ഫോൺ റേഞ്ച് കുറയുന്ന സാഹചര്യത്തിലാണു നടപടി

Update: 2023-12-19 02:50 GMT
Editor : Shaheer | By : Web Desk
Advertising

പത്തനംതിട്ട: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ഇന്റർനെറ്റ് ലഭ്യമാക്കും. ദേവസ്വം ബോർഡും ബി.എസ്.എൻ.എല്ലും ഇക്കാര്യത്തിൽ ഇന്ന് അന്തിമതീരുമാനമെടുക്കും. സന്നിധാനത്തിന്റെ രണ്ട് കിലോമീറ്റർ പരിധിയിലാകും സൗജന്യ ഇന്റർനെറ്റ് ലഭ്യമാകുക.

തിരക്കേറുമ്പോൾ മൊബൈൽ ഫോൺ റേഞ്ച് കുറയുന്ന സാഹചര്യത്തിലാണു ശബരിമലയിൽ സൗജന്യ വൈഫൈ ലഭ്യമാക്കാൻ പദ്ധതി ഒരുങ്ങുന്നത്. ദേവസ്വം ബോർഡും ബി.എസ്.എൻ.എല്ലും കൈകോർത്താണ് ഇന്റർനെറ്റ് ലഭ്യമാക്കുക. ഒരാൾക്ക് പരമാവധി അരമണിക്കൂർ സമയമാണ് സൗജന്യ വൈഫൈ ലഭിക്കുക. അതും 100 എം.ബി.പി.എസ് വേഗതയില്‍. ഒന്‍പതു രൂപ മുതലുള്ള വിവിധ താരിഫുകൾ പ്രകാരം റീചാർജ് ചെയ്യാനും സൗകര്യമുണ്ട്.

നെറ്റ്‌വർക്ക് ലഭിക്കാത്തത് കാരണം വീട്ടിലേക്കും മറ്റും ബന്ധപ്പെടാനാകാതെ വരുന്ന ഭക്തർക്ക് ആശ്വസം പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബോർഡ് അംഗം അഡ്വ. എ. അജികുമാർ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമായി നടപ്പന്തൽ, തിരുമുറ്റം, സന്നിധാനം, മാളികപ്പുറം, ആഴിയുടെ ഭാഗത്തും മാളികപ്പുറത്തുള്ള അപ്പം- അരവണ കൗണ്ടറുകൾ, മരാമത്ത് കോംപ്ലക്സ്, ആശുപത്രികൾ എന്നിവിടങ്ങളിലായി ആകെ 15 വൈഫൈ ഹോട് സ്പോട്ടുകളാകും ഉണ്ടാവുക.

നിലവിൽ പമ്പ എക്സ്ചേഞ്ച് മുതൽ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി, മരക്കൂട്ടം വഴി സന്നിധാനത്തേക്ക് ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് അന്തിമരൂപം വന്നാൽ, രണ്ടുദിവസത്തിനകം സന്നിധാനത്തെ സൗജന്യ വൈഫൈ യാഥാർത്ഥ്യമാകും.

Full View

അതേസമയം, സന്നിധാനത്ത് ഇന്ന് പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണുള്ളത്. ഇന്നലെ രാത്രി മുതൽ സന്നിധാനത്തേക്കുള്ള തീർത്ഥാടകരുടെ നിര മരക്കൂട്ടം പിന്നിട്ടിരുന്നു. ഇന്നും 80,000ത്തിൽ അധികം പേരാണ് വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്തത്. തിരക്ക് കുറയ്ക്കാൻ പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കും.

Summary: Ayyappa devotees visiting Sabarimala will be provided with free Wi-Fi internet

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News