പാർട്ടിയിലെ മൂന്നാമനെ വീഴ്ത്തിയത് തുടർച്ചയായ വിവാദങ്ങൾ
പാർട്ടിയെ നിയന്ത്രിച്ച കണ്ണൂർ ലോബിയിലെ പ്രമുഖൻ, ആരെയും കൂസാത്ത പ്രകൃതം, പിണറായിയെ പോലും പേരെടുത്ത് വിളിക്കാനുള്ള സ്വാതന്ത്ര്യമുള്ള നേതാവായിരുന്നു ഇ.പി ജയരാജൻ
കണ്ണൂർ: കേരളത്തിലെ സി.പി.എം രാഷ്ട്രീയത്തിൽ തലപ്പൊക്കത്തിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ശേഷമുള്ള പേരായിരുന്നു ഇ.പി ജയരാജൻ. പാർട്ടിയെ നിയന്ത്രിച്ച കണ്ണൂർ ലോബിയിലെ പ്രമുഖൻ, ആരെയും കൂസാത്ത പ്രകൃതം, പിണറായിയെ പോലും പേരെടുത്ത് വിളിക്കാനുള്ള സ്വാതന്ത്ര്യം ഇതൊക്കെ ലഭിച്ചിരുന്ന അപൂർവം നേതാക്കളിലൊരളായിരുന്നു ഇ.പി.
എസ്.എഫ്.ഐ യിലൂടെ സംഘടന രംഗത്ത് എത്തി. ഡി.വൈ.എഫ്.ഐയുടെ പ്രഥമ അഖിലേന്ത്യ പ്രസിഡണ്ട്, സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി മുതൽ കേന്ദ്ര കമ്മിറ്റി അംഗം വരെയുള്ള പദവികൾ. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ 95 ഏപ്രിൽ 12ന് പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങും വഴി ആന്ധ്രപ്രദേശിലെ ചിരാലയിൽ വച്ച് അക്രമികളുടെ വെടിയേറ്റു. മരണത്തെ തോൽപ്പിച്ച് തിരികെയെത്തിയ ഇ.പി പിന്നീട് പിണറായിയുടെ വിശ്വസ്തനായി.
പ്രതിസന്ധികളിൽ പലപ്പോഴും ഇ.പിയെ ചേർത്ത് പിടിച്ചതും പിണറായി തന്നെ. പാർട്ടി സെക്രട്ടറി സ്ഥാനം എന്ന മോഹം പൊലിഞ്ഞതോടെ ഇ.പി പാർട്ടിയുമായി അകന്നു. പോളിറ്റ് ബ്യൂറോയിലും പരിഗണിക്കാതിരുന്നതോടെ ആ അടുപ്പത്തിനിടയിൽ അകൽച്ച രൂപപ്പെട്ടു.
ആദ്യഘട്ടത്തിൽ ഒത്തുതീർപ്പിന് തയ്യാറായ നേതൃത്വം പക്ഷേ പതിയെ ഇ.പി യുമായി അകന്നു. ഇ.പിയുടെ എൽഡിഎഫ് കൺവീനർ സ്ഥാനം മുന്നണിക്ക് ബാധ്യതയാകുന്നു എന്ന് ഘടകകക്ഷികളുടെ പരാതിയുയർന്നു. ഒടുവിൽ നേതൃത്വം പൂർണ്ണമായി കൈവിട്ടതോടെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് പടിയിറക്കം. സംഘടന നടപടി കൂടി ഉണ്ടായാൽ സജീവരാഷ്ട്രീയത്തിൽ നിന്ന് ഇ.പി ജയരാജൻ മാറി നിന്നേക്കും എന്നാണ് സൂചന.