'മോദി സന്ദർശിച്ചതുകൊണ്ട് മാത്രം മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല'- എം.ടി രമേശ്

സംസ്ഥാനം കണക്കുകൾ സമർപ്പിക്കാത്തതുകൊണ്ടാണ് സഹായം ലഭിക്കാത്തതെന്നും എം.ടി രമേശ് പറഞ്ഞു

Update: 2024-11-15 08:23 GMT
Advertising

കോഴിക്കോട്: പ്രധാനമന്ത്രി സന്ദർശിച്ചതുകൊണ്ട് മാത്രം മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് ബിജെപി നേതാവ് എം.ടി രമേശ്. സംസ്ഥാനം കണക്കുകൾ സമർപ്പിക്കാത്തതുകൊണ്ടാണ് സഹായം ലഭിക്കാത്തതെന്നും എം.ടി രമേശ് മീഡിയവണിനോട് പറഞ്ഞു.  

'സർക്കാരിന് സാങ്കേതികമായിട്ടേ പ്രവർത്തിക്കാനാകൂ. പ്രധാനമന്ത്രി സന്ദർശിച്ചോ ഇല്ലയോ എന്നതല്ല കേന്ദ്രസർക്കാറിന്റെ സഹായധനത്തിന്റെ മാനദണ്ഡം. അത് നിയമപ്രകാരമാണ്. രണ്ട് മാസമായിട്ടും വയനാട് ദുരന്തത്തിന്റെ കണക്കെടുപ്പ് പൂർത്തിയാക്കി കേന്ദ്ര സർക്കാറിന് സംസ്ഥാനം സമർപ്പിച്ചിട്ടുണ്ടോ? എന്നാൽ മാത്രമേ കേന്ദ്രത്തിൽ ഹൈ ലെവൽ കമ്മിറ്റിക്ക് അത് പരിശോധിക്കാൻ സാധിക്കുകയുള്ളൂ. ഇപ്പോഴും റിപ്പോർട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് റവന്യൂ വകുപ്പിന്റെ അവകാശ വാദം'- എം.ടി രമേശ് പറഞ്ഞു.    

അതേസമയം, മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയദുരന്തമായി കണക്കാക്കില്ലെന്ന് കത്തയച്ച കേന്ദ്രം, ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ അന്തിമ തീരുമാനമായില്ലെന്നാണ് ഇന്ന് ഹൈക്കോടതിയെ അറിയിച്ചത്. വിഷയത്തിൽ രണ്ടാഴ്ചയ്ക്കക്കം നിലപാട് അറിയിക്കണമെന്ന് കോടതി കേന്ദ്രത്തോട് നിർദേശിച്ചു. 

മുണ്ടക്കൈ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം മറുപടി നൽകിയതായി സംസ്ഥാന സർക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ കൂടുതൽ ഫണ്ട് നൽകില്ല എന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ലല്ലോ എന്ന് ഹൈക്കോടതി ചോദിച്ചു. കത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് അങ്ങനെയാണ് മനസിലാകുന്നതെന്ന് സർക്കാറും വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി. കത്ത് സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാമെന്നു പറഞ്ഞ കേന്ദ്രം, ദുരന്ത തീവ്രത സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നാണ് കോടതിയെ അറിയിച്ചത്.

കേന്ദ്രം തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്ന് അമിക്കസ് ക്യൂറിയും ആവശ്യപ്പെട്ടു. ഇതോടെ സമയബന്ധിതമായി തീരുമാനമെടുക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം നൽകി. ഉന്നതതല സമിതിയുടെ യോഗത്തിന് ശേഷം ഉടൻ തീരുമാനം അറിയിക്കാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. നവംബർ അവസാനത്തോടെ ഉന്നത സമിതിയുടെ തീരുമാനം കോടതിയെ അറിയിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. ഹരജി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Full View 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News