'ആത്മകഥ എഴുതുന്നുണ്ട്, പുറത്ത് വന്നത് അതല്ല'; വിവാദം ഗൂഢാലോചനയെന്ന് ഇ.പി
താൻ ആത്മകഥ എഴുതുന്നുണ്ടെന്നും ദേശാഭിമാനിയിലെ ഒരു ലേഖകനാണ് അതിന് സഹായിക്കുന്നതെന്നും ഇ.പി
തിരുവനന്തപുരം: വോട്ടെടുപ്പ് ദിനം തലപൊക്കിയ പുസ്തക വിവാദം ഗൂഢാലോചനയെന്ന് ഇ.പി ജയരാജൻ. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിൽ ആണ് ഇ.പി നിലപാട് വ്യക്തമാക്കിയത്.
പുസ്തകം താൻ എഴുതിയതല്ലെന്നാണ് ഇ.പിയുടെ വാദം. പുസ്തക വിവാദം വോട്ടെടുപ്പിന്റെ അന്ന് തന്നെ പൊട്ടിമുളച്ചതിൽ ഗൂഢാലോചന ഉണ്ടെന്നും ഇ.പി പറയുന്നു. താൻ ആത്മകഥ എഴുതുന്നുണ്ടെന്നും ദേശാഭിമാനിയിലെ ഒരു ലേഖകനാണ് അതിന് സഹായിക്കുന്നതെന്നുമാണ് അദ്ദേഹം കൂട്ടിച്ചേർക്കുന്നത്. ആത്മകഥയുടെ കരാർ ആരുമായും ഒപ്പുവച്ചിട്ടില്ലെന്നും തന്നെ അപകീർത്തിപ്പെടുത്താൻ മനഃപ്പൂർവ്വം നടത്തിയ ശ്രമമാണെന്നും അദ്ദേഹം സെക്രട്ടറിയറ്റ് യോഗത്തിൽ അറിയിച്ചതായാണ് വിവരം.
സംസ്ഥാന നേതൃത്വം വിഷയത്തിലെന്താണ് നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്ന കാര്യം വ്യക്തമല്ല. തെരഞ്ഞെടുപ്പിനിടെ എന്തായാലും കടുത്ത നടപടികളിലേക്ക് പാർട്ടി കടക്കില്ല എന്നാണ് വിലയിരുത്തൽ.