ഡി.വൈ.എഫ്.ഐയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു,ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ല: വി.കെ സനോജ്

ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിനെതിരെയാണ് ആരോപണം ഉയർന്നത്

Update: 2022-07-29 05:44 GMT
Editor : Dibin Gopan | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരത്ത് അന്തരിച്ച പി.ബിജുവിന്റെ പേരിൽ ഫണ്ട് തട്ടിപ്പ് നടന്നുവെന്ന ആരോപണത്തിൽ പ്രതികരിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്.ഡി.വൈ.എഫ്.ഐയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം പലരും ശ്രമിക്കുകയാണ്. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് കമ്മറ്റിക്കോ ജില്ലാ കമ്മിറ്റിക്കും പരാതി ലഭിച്ചിട്ടില്ല. ബോധപൂർവം ചിലർ വാർത്ത പ്രചരിപ്പിക്കുകയാണ്. അത്തരം വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും, സനോജ് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ ഫണ്ട് തട്ടിപ്പ് വിവാദം ചർച്ചയായത്. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിനെതിരെയാണ് ആരോപണം ഉയർന്നത്. അന്തരിച്ച പി ബിജുവിന്റെ പേരിൽ ഫണ്ട് തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം.

പി ബിജുവിന്റെ സ്മരണാർഥം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റെഡ്കെയർ സെന്റർ തുടങ്ങാൻ തീരുമാനമായിരുന്നു. ഇതിലേക്ക് രണ്ടര ലക്ഷം രൂപ വീതം ഒരോ മേഖലാകമ്മിറ്റിയും പിരിച്ചു നൽകണമെന്നായിരുന്നു നിർദേശം. പാളയം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ ഒമ്പത് മേഖലാകമ്മിറ്റികളാണ് ഉള്ളത്. പതിനൊന്ന് ലക്ഷത്തിലധികം രൂപയാണ് ഇതുമായി ബന്ധപ്പെട്ട് പിരിച്ചെടുത്തത്. ആറുലക്ഷം രൂപ ഇതിൽ നിന്നും റെഡ്കെയർ സെന്ററനായി വിനിയോഗിച്ചു. എന്നാൽ ബാക്കി വരുന്ന തുകയെ സംബന്ധിച്ച യാതൊരു വിധ കണക്കുകളും പാളയം ബ്ലോക്ക് കമ്മിറ്റി വ്യക്തമാക്കിയിട്ടില്ല. ഇവരുടെ അക്കൗണ്ടിലേക്ക് ഈ തുക വന്നിട്ടുമില്ല.

എന്നാൽ അന്ന് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷാഹിൻ ഈ തുക കൈവശം വെച്ചിരുന്നു എന്നും അത് പുറത്ത് ചെലവഴിച്ചെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന ആരോപണം. കഴിഞ്ഞ മെയ് മാസം ചേർന്ന സിപിഎം പാളയം ഏരിയ കമ്മിറ്റിയോഗം ഇക്കാര്യം കണ്ടുപിടിക്കുകയും ഷാഹിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News