കോച്ചിങ്ങില്ലാതെ പഠനം, നേടിയത് ആറാം റാങ്ക്; മലയാളികൾക്ക് അഭിമാനമായി ഗഹന നവ്യ ജെയിംസ്
'ടൈം ടേബിൾ വെച്ച് പഠിക്കുന്ന ശീലമില്ല,പക്ഷേ ദിവസവും പത്രം മുടങ്ങാതെ വായിക്കും'
കോട്ടയം: സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചപ്പോൾ ആദ്യ പത്ത് റാങ്കുകളിൽ നാലും പെൺകുട്ടികൾക്കാണ് ലഭിച്ചത്. അതിൽ ആറാമത്തെ റാങ്ക് നേടിയത് മലയാളിയായ ഗഹന നവ്യ ജെയിംസിനാണ്.കോട്ടയം പാല സ്വദേശിയാണ് ഗഹന. പാലയിലാണ് ഡിഗ്രിയും പിജിയും പൂർത്തിയാക്കിയത്. ഇപ്പോൾ എം.ജി യൂണിവേഴ്‌സിറ്റിയിൽ ഐ.ആർ ആന്‍റ് പൊളിറ്റിക്‌സിൽ പി.എച്ച്.ഡി ചെയ്യുകയാണ് ഗഹന.
തന്റെ രണ്ടാം പരിശ്രമത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയതെന്ന് ഗഹന പറയുന്നു. ആദ്യശ്രമത്തിൽ പ്രിലിംസ് പോലും കടക്കാനായില്ല. കോച്ചിങ്ങില്ലാതെ സ്വയമാണ് പഠിച്ചത്. ചെറുപ്പം മുതലേ സ്വയം പഠിക്കാനായിരുന്നു കൂടുതൽ ഇഷ്ടമെന്നും ഗഹന മാധ്യമങ്ങളോട് പറഞ്ഞു.
ദിവസവും പത്രം മുടങ്ങാതെ വായിക്കും. പിന്നെ ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും മനസിലാക്കും.അല്ലാതെ ടൈം ടേബിൾ വെച്ച് പഠിക്കുന്ന ശീലമില്ലെന്നും ഗഹന പറയുന്നു. ചെറുപ്പം മുതലേ സിവിൽ സർവീസ് മോഹം ഉള്ളിലുണ്ട്. ജപ്പാനിൽ ഇന്ത്യൻ അംബാസിഡറായ സിബി ജോർജ് ഗഹന നവ്യയുടെ അമ്മയുടെ സഹോദരനാണ്. അദ്ദേഹവും ഇക്കാര്യത്തിൽ ഏറെ സഹായിച്ചിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കണം എന്നുമാത്രമായിരുന്നു മനസിലുണ്ടായിരുന്നത്. എന്നാൽ ഇത്രയും മികച്ച റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഗഹന പറയുന്നു.
പാലാ സെന്റ് തോമസ് കോളജ് റിട്ട.ഹിന്ദി പ്രൊഫ.സി.കെ ജെയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്റെയും മകളാണ് ഗഹന നവ്യ ജെയിംസ്.