സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കും വരെ ലോകത്ത് ഒരു പ്രശ്‌നവും പരിഹരിക്കപ്പെടില്ല: ഗീവർഗീസ് മാർ കൂറിലോസ്
ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലാണ് ഗസ്സ. അവിടെ ഒരു ജനവിഭാഗത്തെ അടിമത്തത്തിന്റെ വംശവെറിയുടെയും പേരിൽ ഞെരിച്ചമർത്തുകയാണെന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.
ആലപ്പുഴ: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നത് വരെ ലോകത്ത് ഒരു പ്രശ്‌നവും പരിഹരിക്കപ്പെടില്ലെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ലോകത്തെ മിക്കവാറും എല്ലാ സാമ്പത്തിക രാഷ്ട്രീയ പ്രശ്‌നങ്ങളും ഇതുമായി ബന്ധപ്പെട്ടതാണ്. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടക്കേണ്ടതെന്നും മാർ കൂറിലോസ് പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലാണ് ഗസ്സ. അവിടെ ഒരു ജനവിഭാഗത്തെ അടിമത്തത്തിന്റെ വംശവെറിയുടെയും പേരിൽ ഞെരിച്ചമർത്തുകയാണ്. നമ്മുടെ രാജ്യംപോലും നിലപാട് മാറ്റി. എത്ര പെട്ടെന്നാണ് നമ്മുടെ രാജ്യത്തിന്റെ വിദേശനയം ഇസ്രായേലിന് അനുകൂലമായി മാറിയതെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്ത് സാംസ്‌കാരിക ദേശീയതയുടെ മറവിൽ ഫാഷിസം അരങ്ങുതകർക്കുകയാണ്. ഫലസ്തീൻ ജനതക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.