മേരിയെ കണ്ടെത്തിയത് 20 മണിക്കൂറിന് ശേഷം; സന്തോഷാശ്രു പൊഴിച്ച് മാതാപിതാക്കൾ
കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പൊലീസ്
തിരുവനന്തപുരം: കേരളം 20 മണിക്കൂര്‍ കാത്തിരുന്ന ആ ആശ്വാസ വാര്‍ത്തയെത്തി. തിരുവനന്തപുരം പേട്ടയിൽ നിന്ന് കാണാതായ ബിഹാർ സ്വദേശികളുടെ മകളായ രണ്ടുവയസുകാരി മേരിയെ വൈകിട്ട് ഏഴരയോടെയാണ് കണ്ടെത്തിയത്. ബ്രഹ്മോസിന് പിറകിലെ ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സക്കായി കുട്ടിയെ എസ് എ ടി ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയെ കണ്ടെത്തിയ പൊലീസിന് മാതാപിതാക്കള്‍ നന്ദി പറഞ്ഞു. വികാരാധീനനായാണ് മേരിയുടെ അച്ഛന്‍ പ്രതികരിച്ചത്. എന്നാല്‍ ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്, തട്ടിക്കൊണ്ടു പോകലിന്‍റെ ലക്ഷ്യം, എപ്പോഴാണ് കുട്ടിയെ ഉപേക്ഷിച്ചത് തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഉറങ്ങിക്കിടന്ന ടെന്റിൽ നിന്ന് രണ്ടര വയസ്സുകാരി മേരിയെ തട്ടിക്കൊണ്ടുപോയതായി മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. ഇന്ന് പുലർച്ചെ 12 മണിക്കും ഒരു മണിക്കും ഇടയിലാണ് കുട്ടിയെ കാണാതാവുന്നത്. പേട്ട ഓൾ സെയ്ന്റ്സ് കോളേജിന്റെ പിറകിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ മകളെയാണ് തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചത്. മഞ്ഞ ആക്റ്റീവ സ്കൂട്ടറിലെത്തിയ രണ്ടുപേർ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കുട്ടിയുടെ ആറുവയസ്സുകാരനായ സഹോദരൻ പൊലീസിൽ മൊഴി നൽകി. തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും കന്യാകുമാരിയിലും പരിശോധന ഊർജിതപ്പെടുത്തിയിരുന്നു.
ഇതിനിടയിൽ കുട്ടിയെ കണ്ടതായി തിരുവനന്തപുരം ഈഞ്ചയ്ക്കൽ സ്വദേശി പൊലീസിൽ മൊഴി നൽകി. എന്നാൽ മൊഴിപ്രകാരമുള്ള പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുട്ടിയുടെ അമ്മൂമ്മ അടക്കമുള്ളവർ ഹൈദരാബാദിൽ നിന്ന് പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.