പ്രതിപക്ഷ പ്രതിഷേധത്തിനിടെ കെ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട്; ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ തുടങ്ങി
കിഫ്ബിയിൽ നിന്ന് വായ്പയെടുക്കാൻ കെ റെയിലിനെ സ്പെഷൽ പർപ്പസ് വെഹിക്കിളായി നിശ്ചയിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി
പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ തിരുവനന്തപുരം- കാസർകോട് അതിവേഗ റെയിൽപ്പാതക്ക് ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് . കിഫ്ബിയിൽ നിന്ന് വായ്പയെടുക്കാൻ കെ റെയിലിനെ സ്പെഷൽ പർപ്പസ് വെഹിക്കിളായി നിശ്ചയിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി .2100 കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് വായ്പയെടുക്കുക.
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്‍റെ തത്വത്തിലുള്ള അനുമതി ലഭിച്ചതിനാൽ അതിവേഗത്തില്‍ ഭൂമി ഏറ്റെടുക്കലിലേക്ക് കടക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഭൂമി ഏറ്റെടുക്കുന്നതിനും പുനരധിവാസത്തിനുമായി വേണ്ടത് 11837 കോടി രൂപയാണ്. ഏറ്റെടുക്കേണ്ടിവരുന്ന 1383 ഹെക്ടർ ഭൂമിയില്‍ 1198 ഹെക്ടറും സ്വകാര്യ ഭൂമിയാണ്.ഭൂമി ഏറ്റെടുക്കലിന് റവന്യൂ വകുപ്പ് മാത്രമല്ല കെ റയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ ജീവനക്കാരും പങ്കാളിയാകും .വേണ്ടത്ര ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനാണ് തീരുമാനം .കിഫ്ബിയിൽ നിന്ന് 2100 കോടി രൂപ വായ്പയെടുക്കും. പലിശ എത്രയെന്ന് അടുത്ത കിഫ്ബി ബോർഡ് യോഗമാകും തീരുമാനമെടുക്കുക.
വായ്പയെടുക്കാൻ ത്രികക്ഷി കരാർ വേണം. ഇതിനായി കെ റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷനെ എസ്.പി.വിയായി ഗതാഗത വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നാവും ഭൂമി ഏറ്റെടുക്കുക.