മഴ കനത്തതോടെ മുന്നൊരുക്കങ്ങളുമായി സർക്കാർ; 27 ക്യാംപുകളിലായി 622 പേരെ മാറ്റി പാർപ്പിച്ചു

റവന്യു മന്ത്രി ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി

Update: 2021-10-12 16:07 GMT
Editor : Midhun P | By : Web Desk
Advertising

സംസ്ഥാനത്ത് മഴ തുടരുന്നു. ഒമ്പത് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചക്രവാതച്ചുഴിയും പുതിയ ന്യൂനമർദ്ദ സാധ്യതയും കണക്കിലെടുത്ത് സർക്കാർ മുന്നൊരുക്കങ്ങൾ തുടങ്ങി. 27 ക്യാംപുകളിലായി 622 പേരെ ഇതുവരെ മാറ്റി പാര്‍പ്പിച്ചു. കേരളത്തിലെത്തിയ എന്‍ഡിആര്‍എഫിന്‍റെ അറു സംഘത്തെയും വടക്കന്‍ മേഖലയിലേക്ക് പുനര്‍വിന്യസിപ്പിക്കും. 

അതേസമയം മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊണ്ട ചുഴി രണ്ട് ദിവസം കൂടി തുടരും. കൂടാതെ ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം ഉണ്ടാകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ദുരന്ത നിവരാണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാനം. റവന്യു മന്ത്രി ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങുമെന്നും ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ ജലം ഒഴുകിയെത്തുന്നത് ഒഴിവാക്കാന്‍ അപ്പര്‍ഷോളയാറില്‍ നിന്ന് ജലം തുറന്ന് വിടുന്നത് നിയന്ത്രിക്കാന്‍ തമിഴ്നാടുമായി ധാരണയിലെത്തിയതായും റവന്യുമന്ത്രി കെ. രാജന്‍ അവലോകത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് നാളെയും തുടരും. 24 മണിക്കൂറിനുള്ളില്‍ 115.8 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഇടങ്ങളിലായി 15 ക്യാമ്പുകള്‍ തുറന്നു. കോഴിക്കോട് താലൂക്കില്‍ 14 ക്യാമ്പും കൊയിലാണ്ടി താലൂക്കില്‍ ഒരു ക്യാമ്പുമാണ് തുറന്നത്. 418 പേരാണ് വിവിധ ക്യാമ്പുകളില്‍ താമസിക്കുന്നത്. പന്തളത്ത് അച്ചൻകോവിലാർ കരകവിഞ്ഞ്് ഒഴുകുന്നു. സമീപത്തെ തോടുകളിൽ ജലനിരപ്പ് ഉയർന്നു. കരിങ്ങാലി പാടത്തിന്റെ തീരത്ത് താമസിക്കുന്ന ആറ് കുടുംബങ്ങളെ ക്യാംപിലേക്ക മാറ്റി താമസിപ്പിച്ചു.



Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News