ജീവിതത്തിൽ ആദ്യമായി കുറ്റം ചെയ്‌തവർക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ
തടവുകാരുടെ ശിക്ഷാ ഇളവ് മാർഗനിർദേശങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി
തിരുവനന്തപുരം: സംസ്ഥാനത്ത് തടവുകാരുടെ ശിക്ഷാ ഇളവ് മാർഗനിർദേശങ്ങൾക്ക് മന്ത്രിസഭ അംഗീകാരം. ജീവിതത്തിൽ ആദ്യമായി കുറ്റകൃത്യം ചെയ്തവർക്ക് ശിക്ഷയിൽ ഇളവ് നൽകും. 10 വർഷം ശിക്ഷ കിട്ടിയവർക്ക് നിബന്ധനകളോടെ ഇളവ് നൽകാനും പകുതി ശിക്ഷ അനുഭവിച്ച് കഴിഞ്ഞവരെ നിബന്ധനകളോടെ മോചിപ്പിക്കാനും തീരുമാനം.
വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നവരുടെ ശിക്ഷാ ഇളവിനുള്ള മാർഗ്ഗരേഖയാണ് മന്ത്രിസഭ അംഗീകരിച്ചത്. 10 വർഷം ശിക്ഷ കിട്ടിയവർക്ക് നിബന്ധനകളോടെ ഇളവ് ഉണ്ടാകും...പകുതി ശിക്ഷ അനുഭവിച്ചു കഴിഞ്ഞവരെ നിബന്ധനകളോടെ മോചിപ്പിക്കും. ഇത്തരത്തിലുള്ള മാർഗനിർദേശങ്ങളാണ് മന്ത്രിസഭ അംഗീകരിച്ചത്.
അതേസമയം, കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പർ സെക്രട്ടറിയായി വിരമിച്ച ഐ പി എസ് ഉദ്യോഗസ്ഥ ഡോ. ബി സന്ധ്യയെ നിയമിക്കാൻ തീരുമാനിച്ചു. കളമശ്ശേരി യഹോവ സാക്ഷികളുടെ യോഗത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ പിന്നീട് മരണപ്പെട്ട 3 പേരുടെ കുടുംബങ്ങൾക്ക് കൂടി 5 ലക്ഷം രൂപ വീതം നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക അനുവദിക്കുക.
തേനീച്ച-കടന്നൽ എന്നിവയുടെ ആക്രമണം മൂലം വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപ നല്‍കും. വനത്തിനുപുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കാനാണ് തീരുമാനം. ഇതിനായി 2022-ഒക്ടോബറിലെ ഉത്തരവ് ഭേദഗതി ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.