സ്ത്രീപീഡന കേസും അഴിമതിയാരോപണങ്ങളും; വയനാട് ജില്ലാ കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു

ഡിസിസി പ്രസിഡൻ്റായ ഐസി ബാലകൃഷ്ണൻ എംഎൽഎക്കെതിരായ വിമത വിഭാഗത്തിൻ്റെ ആരോപണങ്ങൾ ആയുധമാക്കാനാണ് സിപിഎം നീക്കം

Update: 2021-07-26 03:04 GMT
Advertising

വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ പ്രതിസന്ധി മുറുകുന്നു. സ്ത്രീപീഡന കേസും അഴിമതിയാരോപണങ്ങളും വരെ ഗ്രൂപ്പ് യുദ്ധത്തിന് ആയുധമാക്കുകയാണ് നേതാക്കൾ. അതിനിടെ, അഴിമതി ആരോപണങ്ങൾ നേരിടുന്ന ഐസി ബാലകൃഷ്ണൻ എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും ഇന്നു മുതൽ സമരരംഗത്തിറങ്ങുകയാണ്.

സുൽത്താൻ ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കിൽ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് യുഡിഎഫ് ഭരണ സമിതി രണ്ട് കോടിയിലേറെ രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആദ്യം പുറത്തുവന്ന ആക്ഷേപം. പരാതികൾ വ്യാപകമായതോടെ ആഭ്യന്തര അന്വേഷണത്തിന് കോൺഗ്രസ് മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. ഇതോടെ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഐ.സി ബാലകൃഷ്ണൻ എംഎൽഎ അടക്കമുള്ളവർ നടത്തിയ അഴിമതികൾ ചൂണ്ടിക്കാട്ടി മറുവിഭാഗം കെപിസിസിക്ക് കത്തയച്ചു.

ഇതിന് പിന്നാലെയാണ് കെപിസിസിക്ക് പരാതി അയച്ച വ്യക്തിക്കെതിരെ മഹിളാ കോൺഗ്രസ് നേതാവ് പൊലീസിൽ സ്ത്രീ പീഡന പരാതി നൽകിയത്. വിഷയത്തിൽ നേരത്തെ ഇവർ സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയുടെ പകർപ്പും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജില്ലാ നേതൃത്വം അഴിമതിക്കാരുടെ പിടിയിലാണെന്ന് ആരോപിച്ച് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ബത്തേരി താലൂക്ക് കമ്മിറ്റി നേതൃത്വത്തിന് കൈമാറിയ കത്തും കഴിഞ്ഞ ദിവസം പുറത്തു വന്നു.

അതിനിടെ, ഡിസിസി പ്രസിഡൻ്റായ ഐ.സി ബാലകൃഷ്ണൻ എംഎൽഎക്കെതിരായ വിമത വിഭാഗത്തിൻ്റെ ആരോപണങ്ങൾ ആയുധമാക്കാനാണ് സിപിഎം നീക്കം. എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്നുമുതൽ പ്രത്യക്ഷ സമരത്തിനിറങ്ങാനാണ് സിപിഎം തീരുമാനം.

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News