തലസ്ഥാനത്ത് ഗുണ്ടാസംഘങ്ങള്‍ വീണ്ടും സജീവമാകുന്നു
തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് ഗുണ്ടാ നേതാവ് പുത്തൻ പാലം രാജേഷ് കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കടന്നു കളഞ്ഞു
തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാ സംഘങ്ങൾ വീണ്ടും സജീവമാകുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് ഗുണ്ടാ നേതാവ് പുത്തൻ പാലം രാജേഷ് കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കടന്നു കളഞ്ഞു.
കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആംബുലൻസ് ഡ്രൈവർമാരുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് സംഭവം. ഞായറാഴ്ചയാണ് സംഭവം. ആംബലുൻസ് പാർക്ക് ചെയ്യുന്ന സ്ഥലത്ത് രാജേഷിനറെ വാഹനം ഇട്ടത് ഡ്രൈവർമാർ ചോദ്യം ചെയ്തത് തർക്കത്തിന് കാരണമായി.
വാക്കേറ്റം മൂർച്ഛിച്ചതോടെ വാഹനത്തിൽ നിന്നും കത്തിയുമായി ഇറങ്ങിയ രാജേഷ് ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി. തുടർന്ന് കാറിൽ കയറി രക്ഷപ്പെട്ട രാജേഷിന്റെ വാഹനത്തെ മാഞ്ഞാലിക്കുളത്ത് വച്ച് പൊലീസ് തടഞ്ഞു. അവിടെ നിന്നും ഇയാൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.
കാറും ഡ്രൈവർ ഷാജിയെയും മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിലെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രി പാറ്റൂരിൽ മറ്റൊരു ഗുണ്ടാ നേതാവ് ഓം പ്രകാശിൻറെ സംഘം മുട്ടട സ്വദേശി നിധിനെയും മറ്റ് മൂന്ന് പേരെയും ആക്രമിച്ചിരുന്നു. ഈ കേസിലും ഓം പ്രകാശ് അടക്കമുള്ള പ്രതികളെ പിടികൂടാൻ ഇതേവരെ കഴിഞ്ഞിട്ടില്ല.