സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; പുഴകളിൽ മലവെള്ളപ്പാച്ചിൽ, റോഡുകളും പാലങ്ങളും വെള്ളത്തിനടിയിൽ

പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Update: 2024-07-29 17:26 GMT
Advertising

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. പലയിടങ്ങളിലും റോഡുകളും പാലങ്ങളുമെല്ലാം വെള്ളത്തിനടിയിലായി. മഴ ശക്തമായതോടെ തൃശൂർ, വയനാട്, പാലക്കാട്, എറണാകുളം, മലപ്പുറം, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ കോളജുകള്‍ക്ക് അവധിയില്ല. കണ്ണൂർ ജില്ലയിലെ തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ്, താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് മലയോര മേഖലയിൽ ഇന്നലെ അർദ്ധരാത്രി മുതൽ കനത്ത മഴ തുടരുകയാണ്. ചെമ്പുകടവ് പാലം വെള്ളത്തിൽ മുങ്ങി. പുഴയ്ക്ക് സമീപം താമസിക്കുന്ന ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു.

കോഴിക്കോട് മുത്തപ്പൻ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. ഈങ്ങാപ്പുഴയിൽ ദേശീയപാതയിൽ വെള്ളം കയറി. കൊയിലാണ്ടിയിൽനിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളം ശക്തമായ കാറ്റിൽ മറിഞ്ഞു. തോണിയിലുണ്ടായിരുന്നവരെ മറ്റു വഞ്ചിക്കാരുടെ സഹായത്തോടെ കരയ്ക്കെത്തിച്ചു.

കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ 30ലേറെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. താമരശ്ശേരി, കോഴിക്കോട് താലൂക്കുകളിലാണ് ക്യാമ്പുകള്‍ തുറന്നത്.

കണ്ണൂർ കേളകം അടയ്ക്കാത്തോട് മലവെള്ളപ്പാച്ചിലുണ്ടായി. ശാന്തിഗിരി മേഖലയിലെ വനത്തിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്. വാളുമുക്ക് മേഖലയിൽ ആന മതിലിന്റെ ഒരു ഭാഗം തകർന്നു. ഏഴ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.

മലപ്പുറം കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കും ഇടയിൽ പാണ്ടികശാലയിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സമുണ്ടായി. മലപ്പുറം നിലമ്പൂർ എടക്കരയിൽ മുപ്പിനിപാലം വെള്ളത്തിൽ മുങ്ങി. പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു. പുന്നപ്പുഴ കരകവിഞ്ഞതോടെയാണ് പാലം മുങ്ങിയത്.

കൊണ്ടോട്ടിയിൽ ഒളവട്ടൂർ ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞു. നിലമ്പൂർ അകമ്പാടത്ത് കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർച്ചാഭീഷണിയിലാണ്.

മലപ്പുറം നിലമ്പൂർ പാലങ്കര പാലത്തിന് താഴെ പുഴയിൽ ഒഴുക്കിൽപെട്ട കാട്ടാന കരകയറി. ഇന്ന് രാവിലെയാണ് ആന ഒഴുക്കിൽപെട്ടത്.. വയനാട്ടിലും ശക്തമായ മഴ തുടരുകയാണ്.

ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടർ ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് തുറക്കും. പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം. മേപ്പാടി മുണ്ടക്കൈയിൽ ജനവാസമില്ലാത്ത മേഖലയിൽ ചെറിയ മണ്ണിടിച്ചിലുണ്ടായി. പുത്തുമല കാശ്മീർ ദ്വീപിലെ ചില കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി.

പെരിയാറിന്റെ കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പെരിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താനും സാധ്യതയുണ്ട്. പെരിങ്ങൽകുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ ചാലക്കുടി പുഴയുടെ പറവൂർ മേഖലയിലെ കൈവഴികളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പാലക്കാട് മൂലത്തറ റെഗുലേറ്ററിന്റെ 2 ഷട്ടറുകൾ ഒരു മീറ്റർ വീതവും ഒരു ഷട്ടർ 30 സെന്റിമീറ്ററും തുറന്നിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ആളിയാർ ഡാമിൽ നിന്നുള്ള വെള്ളമാണ് മൂലത്തറയിൽ എത്തുക. ഇതിനാൽ ചിറ്റൂർ പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.

Full View
Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News