നെല്ലിയാമ്പതിയിൽ കനത്തമഴ; നൂറടിപ്പുഴ കരകവിഞ്ഞു; വീടുകളിലും കടകളിലും വെള്ളം
മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു
നെല്ലിയാമ്പതി: പാലക്കാട് നെല്ലിയാമ്പതിയിൽ ശക്തമായ മഴ. നൂറടിപ്പുഴ കരകവിഞ്ഞൊഴുകി. പ്രദേശത്തെ വീടുകളിലും കടകളിലും വെള്ളം കയറി. മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി തുടങ്ങിയ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. നെല്ലിയാമ്പതിയുടെ നൂറടി പാടഗിരി, പോത്തുപാറ, ലില്ലി, വിക്ടോറിയ, കാരപ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ മഴ പെയ്തത്.
ഗതാഗതം പുനസ്ഥാപിക്കാൻ സാധിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നൂറടി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് നെല്ലിയാമ്പതിയിലെ നൂറടി എന്ന ഭാഗത്തെ കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറിയത്. ഇപ്പോൾ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. ദുരന്തബാധിതരെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ വേണ്ട സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. എന്നാലും പെട്ടെന്ന് ഇവരെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് വിവരം.