അതിശക്തമായ മഴ: മുണ്ടക്കൈ ഭാഗത്തെ ജനകീയ തിരച്ചിൽ താൽക്കാലികമായി നിർത്തി
കാന്തൻപാറ പുഴയ്ക്ക് സമീപം കണ്ടെത്തിയ ശരീരഭാഗങ്ങൾ മുകളിലേക്കെത്തിച്ചത് തോളിൽ ചുമന്ന്
മേപ്പാടി: കനത്ത മഴയെ തുടർന്ന് മുണ്ടക്കൈ ഭാഗത്തെ ജനകീയ തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. ദുരന്തമുഖത്ത് മഴ ശക്തമാകുകയും രക്ഷാപ്രവർത്തകർക്ക് തിരച്ചിൽ ദുഷ്കരമാകുകയും ചെയ്തതോടെയാണ് തിരച്ചിൽ താൽകാലികമായി നിർത്തിവെച്ചത്. മഴ മാറിയാലുടൻ തിരച്ചിൽ പുനരാരംഭിക്കും.
അതിനിടെ കാന്തൻപാറ പുഴയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയ 3 ശരീരഭാഗങ്ങൾ പുഴയുടെ മുകൾ ഭാഗത്തെത്തിച്ചു. പ്രദേശത്ത് മഴ ശക്തമായി തുടരന്നുതിനിടെ എയർ ലിഫ്റ്റിങ് സാധ്യമാകാത്തതിനാൽ ചുമന്നാണ് ശരീരഭാഗങ്ങൾ മുകളിലേക്കെത്തിച്ചത്.
ഇരുട്ട് വീണാൽ ലഭിച്ച മൃതദേഹങ്ങൾ പുഴയുടെ മുകളിലേക്കെത്തിക്കുന്നത് പ്രയാസമായതിനാൽ ഏറെ ബുന്ധിമുട്ടിയാണ് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ മുകളിലേക്കെത്തിച്ചത്. സന്നദ്ധ പ്രവർത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ തിരച്ചിലിലാണ് കാന്തൻപാറയിൽ നിന്ന് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്.