മഴ കനക്കും: കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്

പ്രളയ സാധ്യതയില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ

Update: 2024-07-16 13:35 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ  ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എന്നാൽ പ്രളയ സാധ്യതയില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് എൻ.ഡി.ആർ.എഫ് ൻ്റെ 9 ടീമുകൾ കേരളത്തിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു. മഴ ശക്തമായതോടെ കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു.വൻ നാശ നഷ്ടങ്ങളും സംഭവിച്ചു.

പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ 4 പേരെ അതി സാഹസികമായി രക്ഷപ്പെടുത്തി. മൈസൂർ സ്വദേശികളാണ് പുഴയിൽ അകപ്പെട്ടത്. ഇവരെ ഫയർ ഫോഴ്സും പൊലീസും ചേർന്ന് കരയ്ക്ക് എത്തിക്കുകയായിരുന്നു. സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ ആളെയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കോഴിക്കോട് ജില്ലയിൽ 16 വീടുകൾ ഭാഗികമായി തകർന്നു. കോഴിക്കോടും വയനാടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് ആറ് മരണം. പാലക്കാട് വടക്കഞ്ചേരി കൊട്ടേക്കാട് വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടിൽ സുലോചന, മകൻ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചു. കോളാരി സ്വദേശി കുഞ്ഞാമിന ആണ് മരിച്ചത്. ചൊക്ലിയിൽ വെള്ളക്കെട്ടിൽപ്പെട്ട് ഒളവിലം സ്വദേശി കുനിയിൽ ചന്ദ്രശേഖരൻ മരിച്ചു.

പത്തനംതിട്ട തിരുവല്ലയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 65കാരൻ മരിച്ചു. തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. വയനാട് പുൽപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ചീയമ്പം 73 കോളനിയിലെ സുധൻ ആണ് മരിച്ചത്.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News