'ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർഥിയെ സഹായിക്കുക മാത്രമാണ് ചെയ്തത്'; മാർക്ക് ദാനത്തില്‍ വിശദീകരണവുമായി സിന്‍ഡിക്കേറ്റ്
വിദ്യാർഥിയുടെ ഭാവി കണക്കിലെടുത്തുള്ള തീരുമാനം മാത്രമാണെന്ന് സിൻഡിക്കേറ്റംഗം പി.കെ ഖലീമുദ്ദീൻ മീഡിയവണിനോട്
കോഴിക്കോട്: കാലിക്കറ് യൂണിവേഴ്സിറ്റി മാർക്ക് ദാന വിവാദത്തിൽ വിശദീകരണവുമായി സിന്ഡിക്കേറ്റ്. ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു വിദ്യാർഥിയെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും മാർക്ക് ദാനമല്ലെന്നും യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം പി.കെ കലീമുദ്ദീൻ മീഡിയവണിനോട് പറഞ്ഞു. എന്നാൽ മാർക്ക് ദാനം തന്നെയാണ് നടന്നതെന് വാദത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷ സംഘടനകൾ.
പാലക്കാട് ചിറ്റൂർ ഗവ. കോളേജിലെ ആകാശ് കെ എന്ന വിദ്യാർഥിക്ക് ഇന്‍റേണല്‍ മാർക്ക് കൂട്ടി നൽകിയത് വിവാദമായ പശ്ചാത്തലത്തിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിദ്യാർഥിയുടെ ഭാവി കണക്കിലെടുത്തുള്ള തീരുമാനം മാത്രമാണെന്നും അർധ ജുഡീഷ്യൽ അധികാരമുള്ള പരാതി പരിഹാര സെല്ലിന്റെ റിപ്പോർട്ട് പ്രകാരമാണ് നടപടിയെനനും സിന്ഡിക്കേറ്റ് വിശദീകരിക്കുന്നു
എന്നാൽ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് റെഗുലേഷനുകൾ മാറാതെ മുൻ സിൻഡിക്കേറ്റ് നിരസിച്ച അപേക്ഷ എങ്ങനെ അംഗീകരിച്ചു എന്ന ചോദ്യം ഉയർത്തുകയാണ് പ്രതിപക്ഷ സംഘടനകൾ. മാർക്ക് ദാനത്തിനെതിരെ യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകുമെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെട്ടു.