ഹേമാ കമ്മിറ്റി ഹരജികളിൽ സ്പെഷ്യൽ ബെഞ്ച് സിറ്റിങ് ഇന്ന്; അന്വേഷണ പുരോഗതി റിപ്പോർട്ട് കൈമാറിയേക്കും

സമ്പൂർണ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ പലതും ക്രിമിനൽ കേസ് എടുക്കാവുന്നതാണെന്ന് ഡിവിഷൻ ബഞ്ച് കഴിഞ്ഞ സിറ്റിംഗിൽ നിരീക്ഷിച്ചിരുന്നു

Update: 2024-10-28 01:17 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികൾ  പരിഗണിക്കുന്ന ഹൈക്കോടതിയുടെ സ്പെഷ്യൽ ബെഞ്ച് ഇന്ന് സിറ്റിംഗ് നടത്തും. സമ്പൂർണ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ പലതും ക്രിമിനൽ കേസ് എടുക്കാവുന്നതാണെന്ന് ഡിവിഷൻ ബഞ്ച് കഴിഞ്ഞ സിറ്റിംഗിൽ നിരീക്ഷിച്ചിരുന്നു. തെളിവുകളും കൃത്യമായ പരാതികളും ഉണ്ടെങ്കിൽ കേസെടുത്ത് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അന്വേഷണ പുരോഗതി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച് നടപടികൾ എടുക്കാനും പ്രത്യേക ബഞ്ച് ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നു. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം കേസുകൾ രജിസ്റ്റർ ചെയ്ത് തുടങ്ങി. അതീവ രഹസ്യമായി ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിധി പ്രകാരമാണ് കേസുകൾ എടുക്കുന്നത്. കേസുകളുടെ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കണമെന്നാണ് കോടതി നിർദ്ദേശം.

കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് പരാതിയുണ്ടെങ്കിൽ നേരിട്ടോ ഇമെയിൽ മുഖേനയോ അറിയിക്കാൻ അവസരം എസ്ഐടി നൽകിയിരുന്നു. മൊഴി നൽകിയവർക്ക് കേസുമായി സഹകരിക്കാൻ താൽപര്യമില്ലെങ്കിൽ ഇക്കാര്യം പ്രത്യേകം സംഘം കോടതിയെ അറിയിക്കും. എന്നാൽ മൊഴി നൽകിയവരിൽ ചിലർ മാത്രമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതേ തുടർന്നാണ് കോടതി നിർദേശ പ്രകാരം കമ്മീഷന് മുന്നിലെ മൊഴി വിവരമായി പരിഗണിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News