‌കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; പ്രത്യേക ബോക്‌സിലെ വോട്ടുകൾ എണ്ണാൻ നിർദേശം

നേരത്തെ 25 യു.യു.സിമാരുടെ തെരഞ്ഞെടുപ്പ് യൂണിവേഴ്സിറ്റി അസാധുവാക്കിയിരുന്നു. നിയമപരമല്ലെന്ന് പറഞ്ഞായിരുന്നു നടപടി.

Update: 2023-03-15 10:14 GMT

Calicut University

Advertising

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രത്യേക ബോക്‌സിലെ വോട്ടുകൾ എണ്ണാൻ നിർദേശം. ഹൈക്കോടതിയാണ് നിർദേശം നൽകിയത്.

പ്രത്യേക ബോക്സിൽ നിക്ഷേപിച്ച 25 വോട്ടുകൾ എണ്ണാനാണ് ഹൈക്കോടതി നിർദേശം. നേരത്തെ 25 യു.യു.സിമാരുടെ തെരഞ്ഞെടുപ്പ് യൂണിവേഴ്സിറ്റി അസാധുവാക്കിയിരുന്നു. നിയമപരമല്ലെന്ന് പറഞ്ഞായിരുന്നു നടപടി.

ഇതിനെതിരെ യു.ഡി.എസ്.എഫ് ഹൈക്കോടതിയെ സമീപിക്കുകയും 25 യു.യു.സിമാർക്ക് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാമെന്ന് ഹൈക്കോടതി വിധിക്കുകയും ചെയ്തു. എന്നാൽ വോട്ട് ചെയ്യാനേ അനുമതിയുള്ളൂ, വോട്ടെണ്ണണം എന്ന് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് വീണ്ടും പ്രശ്നമുണ്ടായി. ഇതേ തുടർന്നാണ് സംഘടന വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

ഇതോടെയാണ്, വോട്ട് രേഖപ്പെടുത്തുക മാത്രമല്ല, അവ എണ്ണണം എന്നു കൂടി ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. 494 യു.യു.സിമാരാണ് ആകെയുള്ളത്. തർക്കമുള്ള യു.യു.സിമാരുടെ വോട്ടുകൾ പ്രത്യേക പെട്ടിയിൽ നിക്ഷേപിക്കണമെന്ന നിർദേശം ഹൈക്കോടതി നൽകിയിരുന്നു. ഈ വോട്ടുകൾ എണ്ണണമെന്നാണ് ഇപ്പോൾ ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം, സർവകലാശാലയിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 200 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിനിടെ ചെറിയ തർക്കങ്ങൾ ഉണ്ടായെങ്കിലും പൊതുവെ സമാധാനപരമായാണ് വോട്ടെടുപ്പ്. വൈകീട്ട് ആറോടെ വോട്ടെണ്ണൽ പൂർത്തിയായി ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷ.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News