ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് ഹൈക്കോടതി ജഡ്ജിമാർ ഇന്ന് സന്ദർശിക്കും

ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി. ഗോപിനാഥുമാണ് ബ്രഹ്മപുരത്തെ സജ്ജീകരണങ്ങൾ വിലയിരുത്തുക

Update: 2024-03-07 02:02 GMT
Editor : Jaisy Thomas | By : Web Desk

ബ്രഹ്മപുരം പ്ലാന്‍റ്

Advertising

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് ഹൈക്കോടതി ജഡ്ജിമാർ ഇന്ന് സന്ദർശിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി. ഗോപിനാഥുമാണ് ബ്രഹ്മപുരത്തെ സജ്ജീകരണങ്ങൾ വിലയിരുത്തുക. അസൗകര്യമുള്ളതിനാലാണ് ഇന്നലെ തീരുമാനിച്ച സന്ദർശനം ഇന്നത്തേക്ക് മാറ്റിയത്. തീപിടിത്തം ഉണ്ടായാൽ അത് കെടുത്താൻ ഉപയോഗിക്കുന്ന ഫയർ ഹൈഡ്രന്‍റിന്‍റെ പ്രവർത്തനം കോടതി പരിശോധിക്കും. ബ്രഹ്മപുരത്ത് തീ പിടിത്തം ഉണ്ടായതിന് ശേഷവും മാലിന്യ സംസ്കരണത്തിൽ പുരോഗതി ഇല്ലെന്നാണ് അമിക്യസ്ക്യൂറി റിപ്പോർട്ട്.

തീ അണക്കാൻ പരിശീലനം ലഭിച്ച പ്രാദേശിക അഗ്നിരക്ഷാ യൂണിറ്റിന്‍റെ തലവൻമാരുമായി ജഡ്ജിമാർ സംസാരിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് സന്ദർശനം. ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഈ മാസം 16നാണ് കോടതി ഇനി പരിഗണിക്കുക.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 3നാണ് പ്ലാന്‍റില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന് പിന്നാ​​ലെയുണ്ടായ വിഷപ്പുക അക്ഷരാർഥത്തിൽ ഒരു ജനതയെ ശ്വാസം മുട്ടിച്ചു. രണ്ടാഴ്ച നീണ്ട്നിന്ന പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്.അശാസ്ത്രീയമായി മാലിന്യങ്ങൾ കൂട്ടിയിട്ടതും കരാർ ലഭിച്ച സോണ്‍ഡ കമ്പനിയുടെ നിരുത്തരവാദിത്തപരമായ സമീപനവും തിപിടിത്തത്തിന് ആക്കം കൂട്ടി. ബ്രഹ്മപുരത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിപിടിത്തമായിരുന്നു അത്. എറണാകുളം- ആലപ്പുഴ അതിർത്തിവരെ എത്തിയ വിഷപ്പുക ജനങ്ങൾക്കുണ്ടാക്കിയത് കടുത്ത ആരോഗ്യ പ്രശ്നങ്ങളായിരുന്നു. തീപിടിത്തത്തിന് പിന്നാലെ ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകുന്നത് നിലച്ചതോടെ കോർപ്പറേഷൻ പരിധിയിൽ മാലിന്യങ്ങൾ കുമിഞ്ഞ് കൂടി. വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടതിന് പിന്നാലെയാണ് മാലിന്യ നീക്കവും തീ അണക്കലും വേഗത്തിലായത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News