'കെ- റോഡ് എന്ന് പേര് മാറ്റണോ?' റോഡിലെ കുഴികളിൽ പരിഹാസവുമായി ഹൈക്കോടതി

''ആറ് മാസത്തിനകം റോഡ് താറുമാറായാൽ വിജിലൻസ് കേസെടുക്കണം''

Update: 2022-07-19 10:53 GMT
Advertising

കൊച്ചി: റോഡുകളിലെ കുഴിയിൽ പരിഹാസവുമായി ഹൈക്കോടതി. കുഴിയടക്കണമെങ്കിൽ കെ- റോഡ് എന്നാക്കണമോയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കൊച്ചി കോർപറേഷൻ പരിധിയിലെ അടക്കം നിരവധി റോഡുകൾ തകർന്നത് സംബന്ധിച്ച വിവിധ ഹരജികൾ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമർശനമുണ്ടായത്.

നല്ല റോഡ് ജനങ്ങളുടെ അവകാശമാണ് .ആറ് മാസത്തിനകം റോഡുകൾ തകർന്നാൽ എൻജിനിയർക്കും കോൺടാക്ടർക്കുമെതിരെ നടപടി സ്വീകരിക്കണം. വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തണം. ഒരു വർഷത്തിനുളളിൽ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കി നിയമപരമായ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

റോഡ് നന്നാക്കാനുപയോഗിക്കേണ്ട പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ്. ദിനം പ്രതി അപകടങ്ങൾ വർദ്ധിക്കുകയാണ്. ഇത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. നിരവധി തവണ റോഡുകളുടെ അറ്റകുറ്റപണി തീർക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടും നടപടിയായിട്ടില്ല . കോടതിക്ക് തന്നെ നാണക്കേടുണ്ടാക്കുകയാണെന്നും കോടതി പറഞ്ഞു.

എൻജിനീയർമാർ കാറിൽ നിന്നിറങ്ങി റോഡിലൂടെ നടന്ന് പോകണം. അപ്പോൾ മാത്രമേ അതിൻറെ ബുദ്ധിമുട്ട് മനസിലാകൂ. മഴക്കാലത്ത് കുഴികൾ കാണാൻ പറ്റാത്ത അവസ്ഥയാണ്. കുഴികളിൽ വീണ് അപകടങ്ങൾ പതിവാകുമ്പോഴും റോഡ് നന്നാക്കാൻ നടപടിയില്ലെന്നും കോടതി കുറ്റപ്പെടുത്തി. നടപടി സ്വീകരിച്ചുവരികയാണെന്നും അടിയന്തിരമായി റോഡുകൾ നന്നാക്കുമെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് ഹരജി അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കാൻ മാറ്റി

Full View


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News