കോടഞ്ചേരി മിശ്രവിവാഹം; ജോയ്സനയെ ഹൈക്കോടതി ഭര്‍ത്താവിനൊപ്പം വിട്ടു
ജോയ്സനയുമായി ആശയ വിനിമയം നടത്തിയെന്നും പെൺകുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള പക്വത ആയി എന്നും കോടതി വ്യക്തമാക്കി
കോഴിക്കോട്: കോടഞ്ചേരിയില്‍ വിവാദ മിശ്രവിവാഹം നടത്തിയ ജോയ്സനയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ജോയ്സനയെ ഭർത്താവ് ഷെജിന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നാരോപിച്ച് പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. പിതാവിന്‍റെ പരാതിയിലാണ് യുവതിയെ നേരിട്ട് ഹാജരാക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടത് . ഏപ്രിൽ 12ന് ഹൈക്കോടതി ഹരജി പരിഗണിച്ച അതേ ദിവസം തന്നെ ജോയ്‌സ്‌ന ഭർത്താവ് ഷെജിനൊപ്പം താമരശേരി കോടതിയിൽ ഹാജരായി സ്വന്തം ഇഷ്ടപ്രകരമാണ് വീട് വിട്ടിറങ്ങിയതെന്ന് അറിയിച്ചിരുന്നു.
ഇന്ന് ജസ്റ്റിസ് വി.ജി അരുണ്‍, ജസ്റ്റിസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഇന്നലെ ഹരജി പരിഗണിച്ചപ്പോള്‍ ജോയ്സനയും ഷെജിനും കോടതിയില്‍ നേരട്ടെത്തി. ജോയ്സനയോട് കോടതി ആശയ വിനിമയനം നടത്തിയശേഷം മാതാപിതാക്കളോട് സംസാരിക്കണമോയെന്ന കാര്യം ചോദിച്ചു. താല്‍പര്യമില്ലെന്നും പിന്നീട് സംസാരിച്ചോളാമെന്നും ജോയ്സന അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് കോടതി വ്യക്തമാക്കി. 26 വയസുള്ള പെണ്‍കുട്ടിയാണ് വിദേശത്ത് ജോലി ചെയ്ത വ്യക്തിയാണ്. സ്വന്തമായി തീരുമാനമെടുക്കാന്‍ പക്വതയായെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം സാഹചര്യത്തില്‍ കോടതിക്ക് ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. കൂടാതെ സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷ നൽകിയിട്ടുമുണ്ടെന്നും അതിനാല്‍ ഹേബിയസ് കോര്‍പസ് ഹരജി തീര്‍പ്പാക്കുകായമെന്നും കോടതി വ്യക്തമാക്കി.
തന്നെയാരും തടഞ്ഞുവച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിതം തെരഞ്ഞെടുത്തതെന്നും കോടതിയില്‍ നിന്നിറങ്ങിയ ശേഷം ജോയ്സന മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. തന്നെ എസ്.ഡി.പി.ഐക്കാരനാക്കാന്‍ ശ്രമിച്ചെന്നും സ്വസ്ഥതമായി ജീവിക്കാന്‍ അനുവദിക്കണമെന്നും മാതാപിതാക്കളുടെ വിഷയം സ്വാഭാവികമാണെന്നുമായിരുന്നു ഷെജിന്‍റെ പ്രതികരണം.