കൊച്ചി ക്യാന്‍സര്‍ സെന്‍റര്‍ നിര്‍മ്മാണ കരാര്‍; പി ആന്‍റ് സി പ്രൊജക്ട് നൽകിയ ഹരജി ഹൈക്കോടതി തള്ളി
നിർമ്മാണത്തിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയെ ഇക്കഴിഞ്ഞ ജനുവരിയിൽ നിർമ്മാണത്തിന്‍റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന ഇൻകെൽ ഒഴിവാക്കിയത്
കൊച്ചി ക്യാൻസർ സെന്‍ററിന്‍റെ നിർമ്മാണ കരാറിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് കരാർ കമ്പനിയായ പി ആന്‍റ് സി പ്രൊജക്ട് നൽകിയ ഹരജി ഹൈക്കോടതി തള്ളി. നിർമ്മാണത്തിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയെ ഇക്കഴിഞ്ഞ ജനുവരിയിൽ നിർമ്മാണത്തിന്‍റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന ഇൻകെൽ ഒഴിവാക്കിയത്.
എന്നാൽ ഇൻകെൽ നടപടി ഏകപക്ഷീയമാണെന്നായിരുന്നു കമ്പനിയുടെ വാദം. 300 ദിവസവും മതിയായ ഫണ്ടും നൽകിയാൽ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നും കൃത്യമായി ബില്ലടക്കം മാറി നൽകുന്നതിൽ ഇൻകെൽ വീഴ്ച വരുത്തിയെന്നും കമ്പനി കോടതിയെ അറിയിച്ചു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. 2020 ജൂലൈയിൽ 23 നകം നിർമ്മാണം പൂർത്തിയാക്കാനായിരുന്നു കരാർ വ്യവസ്ഥ. ഇതിന് കഴിയാതെ വന്നതോടെയാണ് ജനുവരിയിൽ കമ്പനിയെ ഒഴിവാക്കിയത്.
ജനുവരി 18നാണ് നിർമാണ കരാറിൽ നിന്ന് ഒഴിഞ്ഞു പോകാൻ ഇൻകെൽ അധികൃതർ കമ്പനിക്ക് നൽകിയ നോട്ടീസ് ചോദ്യം ചെയ്താണ് പ്രധാന ഹരജി. ഇൻകെൽ അധികൃതർ കൃത്യമായി ഫണ്ട് അനുവദിക്കാത്തതും കോവിഡ് വ്യാപനവും നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും അുനവദിച്ചാൽ 300 ദിവസത്തിനുള്ളിൽ പണിപൂർത്തിയാക്കാൻ കഴിയുമെന്നുമാണ് ഹരജിക്കാരുടെ വാദം. എന്നാൽ, കരാർ കമ്പനിയുടെ നിർമാണ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന് കണ്ടാണ് ഇവരെ ഒഴിവാക്കിയതെന്നായിരുന്നു ഇൻകെലിന്‍റെയും കിഫ് ബിയുടേയും വിശദീകരണം. ഇൻകെലിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായും കിഫ് ബി ചൂണ്ടിക്കാട്ടിയിരുന്നു.