ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ നാളെ മുതൽ; അസുഖ ബാധിതർക്ക് പ്രത്യേക മുറി
വിദ്യാർത്ഥികളുടെ ഭാവി സർക്കാറിന് പ്രധാനമാണെന്ന് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. 3,2067 വിദ്യാർഥികൾ പരീക്ഷ എഴുതുമെന്നും മന്ത്രി അറിയിച്ചു. 1055 പരീക്ഷ കേന്ദ്രങ്ങളാണ് ആകെയുള്ളത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയിലാണ്, 59584 പേർ.
കോവിഡിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട് എങ്കിലും പരീക്ഷ വിദ്യാര്‍ത്ഥികളുടെ അവകാശമാണ്. കുട്ടികളുടെ ഭാവി സർക്കാറിന് പ്രധാനമാണ്. അതു കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് ഈ തീരുമാനം കൈക്കൊണ്ടത്. അസുഖം ബാധിച്ച വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക മുറി സജ്ജമാക്കും- വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
പരീക്ഷാ നടത്തിപ്പിനായി വൻ സന്നാഹമാണ് ആവശ്യമായിട്ടുള്ളത്. വിഷയം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കാര്യം ചർച്ച ചെയ്തിട്ടുണ്ട്. ആവശ്യമായ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോക്കസ് ഏരിയ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച അധ്യാപകരെ മന്ത്രി തള്ളിക്കളഞ്ഞു. അധ്യാപകരെ സർക്കാർ നിയോഗിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണ്. അവരുടെ ജോലി പഠിപ്പിക്കുക എന്നതാണ്. വിദ്യാഭ്യാസ വകുപ്പിലെ ഒരോ ഉദ്യോഗസ്ഥനും ചുമതലകൾ നിശ്ചയിച്ചിട്ടുണ്ട്. എല്ലാവരും ചേർന്ന് ചുമതലകൾ നിർവ്വഹിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.