പൂരം ഫിൻ സേർവ്, സേഫ് ആന്റ് സ്ട്രോങ്ങ്, ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ; സാമ്പത്തിക തട്ടിപ്പുകളുടെ തലസ്ഥാനമായി തൃശൂര്‍
കോടികൾ തട്ടി മുങ്ങുന്ന കമ്പനികൾ തുടർക്കഥയാകുമ്പോൾ കബളിപ്പിക്കപ്പെടുന്നത് നൂറുകണക്കിന് സാധാരണക്കാർ
തൃശൂര്‍: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങുന്ന കമ്പനികള്‍ തൃശൂരില്‍ തുടര്‍ക്കഥയാവുന്നു. സുതാര്യമല്ലാതെ പ്രവര്‍ത്തിച്ച ഓരോ കമ്പനികള്‍ തകരുമ്പോഴും ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവന്‍ നഷ്ടമായവര്‍ നിരവധിയാണ്. തൃശൂര്‍ ആസ്ഥാനമായ കമ്പനികള്‍ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ സാമ്പത്തിക തട്ടിപ്പുകളിലൂടെ ഒരിക്കല്‍ കൂടി സഞ്ചരിക്കുകയാണ് മീഡിയവണ്‍.
ജീവിതത്തില്‍ ഒരിക്കല്‍ പോലും സിഗരറ്റ് വലിക്കാത്ത സണ്ണി ചേട്ടന്‍ നിക്കോട്ടിൻ രോഗബാധിതനാണ്. വൃക്കരോഗവും ഹൃദ്രോഗവും അടക്കം തളര്‍ത്തിയ ഇദ്ദേഹം മരുന്നിനായി മാസം തോറും വേണ്ടി വരുന്ന പതിനായിരത്തോളം രൂപ കണ്ടെത്താനാണ് തൃശൂര്‍ പാണഞ്ചേരി ടവറിലുള്ള ധനവ്യവസായ ബാങ്കേഴ്‌സില്‍ നിക്ഷേപം നടത്തിയത്. സ്ഥാപനം പൂട്ടിയതോടെ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും നിക്ഷേപിച്ച 18 ലക്ഷത്തോളം രൂപ നഷ്ടമായി. അതോടെ ജീവിതം തന്നെ പ്രതിസന്ധിയിലായി.
ഇത് ഒരാളുടെ മാത്രം കഥയല്ല. ഇത്തരത്തില്‍ ചെറുതും വലുതുമായ കമ്പനികളിലും കുറികളിലും നിക്ഷേപം നടത്തി സമ്പാദ്യം മൊത്തം നഷ്ടമായ നൂറ് കണക്കിന് മനുഷ്യരുടെ പ്രതിനിധി മാത്രമാണ് കൂര്‍ക്കഞ്ചേരി സ്വദേശി സണ്ണിച്ചേട്ടന്‍.
കേരളത്തിലെ കഴിഞ്ഞ അഞ്ചു വർഷങ്ങളിലെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ നിക്ഷേപത്തട്ടിപ്പ് നടന്നത് തൃശൂര്‍ ജില്ലയിലാണെന്ന് നിസംശയം പറയാം. പൂരം ഫിൻ സേർവ്, സേഫ് ആന്റ് സ്ട്രോങ്ങ്, ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി തട്ടിപ്പിന്‍റെ നിര നീളുകയാണ്.
(പൂരം ഫിൻസേർവിന് പകരം പൂരം കുറീസ് എന്ന് നേരത്തെ തെറ്റായി രേഖപ്പെടുത്തിയിരുന്നു)