കുട്ടമ്പുഴയിലെ കാട്ടാന ആക്രമണം: റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

എൽദോസിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം

Update: 2024-12-21 13:57 GMT
Advertising

എറണാകുളം: ജനവാസമേഖലകളിൽ വന്യജീവികൾ കടന്നുകയറി നടത്തുന്ന അതിക്രമങ്ങൾ തടയുന്നതിന് ഫലപ്രദമായ പ്രതിരോധ നടപടികൾക്ക് രൂപം നൽകാൻ റവന്യൂ, വനം, പൊലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ യോഗം വനം വകുപ്പു മേധാവിയും എറണാകുളം ജില്ലാ കലക്ടറും സംയുക്തമായി വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

എംപി, എംഎൽഎമാർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയ ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ കേൾക്കണം. യോഗ തീരുമാനം വനം വകുപ്പ് മേധാവിയും എറണാകുളം ജില്ലാ കലക്ടറും കമ്മീഷനിൽ പ്രത്യേകം സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. കുട്ടമ്പുഴ ഉരുളൻ തണ്ണിയിൽ കാട്ടാന ആക്രമണത്തിൽ ക്ണാചേരി കോടിയാട്ട് എൽദോസ് വർഗീസ് (45) കൊല്ലപ്പെട്ട സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

കുട്ടമ്പുഴ കാട്ടാന ആക്രമണത്തെയും സമീപകാലത്ത് നടന്ന സമാന സംഭവങ്ങളെയും കുറിച്ച് എറണാകുളം ജില്ലാ കലക്ടർ അന്വേഷണം നടത്തി ഇത്തരം സംഭവങ്ങളുണ്ടാകാനുള്ള കാരണങ്ങളും പരിഹാരമാർഗങ്ങളും വിശദമാക്കി ഒരു റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.

വനം വകുപ്പ് സംസ്ഥാന മേധാവിയും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. വന്യമൃഗങ്ങൾ കടന്നുപോകുന്ന മേഖലകളിൽ സോളാർ ഫെൻസിംഗും ട്രഞ്ച് നിർമ്മാണവും ഉൾപ്പെടെ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. അപകടകരമായ സ്ഥലങ്ങളിൽ തെരുവു വിളക്കുകൾ സ്ഥാപിക്കണം. എൽദോസിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം. വനംവകുപ്പ് മേധാവി നിയോഗിക്കുന്ന ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും ജില്ലാ കലക്ടർ നിയോഗിക്കുന്ന ആർഡിഒ തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനും ജനുവരി 23ന് രാവിലെ 10ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News