ഇലന്തൂരിൽ മുൻപും നരബലി; 25 വർഷം മുൻപ് നാലര വയസുകാരിയെ മാതാപിതാക്കള്‍ ബലി നൽകി
കോളിളക്കം സൃഷ്ടിച്ച കേസിൽ നടന്ന അന്വേഷണത്തിനൊടുവിൽ പ്രതികളെ കോടതി ശിക്ഷിച്ചു
പത്തനംതിട്ട ഇലന്തൂരിൽ 25 വർഷം മുൻപും നരബലി നടന്നതായി വെളിപ്പെടുത്തൽ. ഇലന്തൂർ പൂക്കോട് സ്വദേശി നാലര വയസുകാരിയായ അശ്വിനിയാണ് നരബലിയിൽ കൊല്ലപ്പെട്ടത്. അശ്വിനിയുടെ പിതാവ് ശശിരാജ പണിക്കരും ഭാര്യയും സഹായിയും ചേർന്നാണ് നരബലി നടത്തിയത്. കോളിളക്കം സൃഷ്ടിച്ച കേസിൽ നടന്ന അന്വേഷണത്തിനൊടുവിൽ പ്രതികളെ കോടതി ശിക്ഷിച്ചു. ജീവപര്യന്തം തടവിൽ കഴിയുന്നതിനിടെ ഒരുമാസം മുൻപാണ് കേസിലെ മുഖ്യപ്രതി ശശിരാജ പണിക്കർ മരിച്ചത്.
അതേസമയം ഇലന്തൂർ നരബലിക്കേസിലെ പ്രതികൾ കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ കറിവെച്ചു കഴിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കൊല്ലപ്പെട്ട റോസ്‌ലിൻറെ ശരീരഭാഗങ്ങളാണ് കറിവെച്ച് കഴിച്ചത്. കറിവെച്ച് ലൈല ഷാഫിക്ക് നൽകി. പത്മത്തിൻറെ ശരീര ഭാഗങ്ങൾ ഉപ്പ് പുരട്ടി സൂക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലാണ് പ്രതികൾ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞത്.
ഒരു കുറ്റബോധവുമില്ലാതെയാണ് ലൈല കുറ്റകൃത്യത്തെക്കുറിച്ച് പൊലീസിനോട് പറഞ്ഞത്. ആഭിചാര കർമങ്ങൾ നടത്തിയ ശേഷം അതിൻറെ തുടർച്ചയായാണ് മനുഷ്യമാംസം ഭക്ഷിച്ചത്. ദക്ഷിണമേഖലാ ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യൽ 13 മണിക്കൂറോളം നീണ്ടുനിന്നു.