'മെസിയെക്കുറിച്ച് എഴുതൂല, ഞാൻ ബ്രസീൽ ഫാൻ ആണ്': വൈറലായൊരു ചോദ്യപേപ്പറും ഉത്തരവും
മെസിയെക്കുറിച്ചുള്ള ചോദ്യത്തിന് മാത്രം നന്നായി എഴുതിയവരുണ്ടെന്നും അധ്യാപകൻ പറയുന്നു
കോഴിക്കോട്: ഫുട്‌ബോൾ എന്നാൽ മലയാളിക്ക് വികാരമാണ്. ലോകത്തിന്റെ ഏത് മൂലയിൽ കാൽപന്തുകളി നടന്നാലും അതുകാണാനും വിലയിരുത്താനും ഇവിടെ ആളുകൾ എമ്പാടും കാണും. ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പൊക്കെ വൻ ആവേശത്തോടെയാണ് മലയാളക്കര സ്വീകരിച്ചത്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഫുട്‌ബോളിന് പിന്നാലെ ഓടി.
മലയാളികളുടെ ഫുട്‌ബോൾ ജ്വരം മനസിലാക്കണമെങ്കിൽ ലോകകപ്പ് നടക്കുന്ന സമയം നാട്ടിൻപുറങ്ങളിലൂടെയൊന്ന് സഞ്ചരിച്ചാൽ മതി. ഏത് മുക്കിലും മൂലയിലും ഇഷ്ട ടീമിന്റെയും കളിക്കാരന്റെയും ഫ്‌ളക്‌സ് ബോർഡുകൾ കാണും. അർജന്റീനക്കും ബ്രസീലിനുമാണ് ആരാധകർ ഏറെ. പോര്‍ച്ചുഗല്‍ ആരാധകരും ഒട്ടും കുറവല്ല. ഇപ്പോഴിതാ ഉത്തരക്കടലാസിലും ഇഷ്ട ടീം കയറിക്കൂടിയിരിക്കുന്നു. നാലാം ക്ലാസ് മലയാളം വാർഷികപ്പരീക്ഷയിലാണ് മെസിയുടെ ജീവചരിത്രം തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് ഉത്തരമായി ഒരു വിദ്യാർഥി രേഖപ്പെടുത്തിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഞാൻ ബ്രസീൽ ഫാനാണെന്നും എനിക്ക് നെയ്മറിനെയാണ് ഇഷ്ടമെന്നും മെസിയെ ഇഷ്ടമല്ലെന്നുമാണ് ഈ ചോദ്യത്തിന് താഴെയായി വിദ്യാർഥി എഴുതിയത്. മലപ്പുറം ജില്ലയിലെ തിരൂർ പുതുപ്പള്ളി ശാസ്ത എൽ.പി സ്‌കൂളിലെ ചോദ്യപേപ്പറാണ് പ്രചരിക്കുന്നത്. റിസ ഫാത്തിമ പി.വിയാണ് ഇങ്ങനെയൊരു ഉത്തരം നൽകിയിരിക്കുന്നത്. സത്യമെന്തെന്ന് അറിയാൻ സ്‌കൂൾ അധികൃതരെ ബന്ധപ്പെട്ടപ്പോൾ അവർ ഇക്കാര്യ സ്ഥിരീകരിച്ചു. വിദ്യാർഥി ഇങ്ങനെയൊരു ഉത്തരം എഴുതിയത് ശ്രദ്ധയിൽപെടുകയും പിന്നീടത് തിരുത്താൻ ആവശ്യപ്പെടുകയും ചെയ്‌തെന്ന് സ്‌കൂളിലെ മലയാളം നാലാം ക്ലാസ് അദ്ധ്യപകന്‍ റിഫ ഷെലീസ് മീഡിയവണ്‍ വെബിനോട് വ്യക്തമാക്കി.
വളരെ ഗൗരവത്തിൽതന്നെയാണ് റിസ ഉത്തരമെഴുതിയത്. അതേസമയം ഇതേചോദ്യത്തിന് മാത്രം നന്നായി എഴുതിയ വിദ്യാർഥികൾ ഉണ്ടെന്നും റിഫ ഷെലീസ് പറയുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് ചോദിക്കാത്തത്തിന് പരിഭവം പറഞ്ഞതായും രസകരമായ വിവരണങ്ങളാണ് വിദ്യാർഥികൾ നൽകിയതെന്നും ഷെലീസ് വ്യക്തമാക്കി. ഏതായാലും റിസ ഫാത്തിമയുടെ ഉത്തരപ്പേപ്പർ ക്ലിക്കായി. പല സ്‌പോർട്‌സ് ഗ്രൂപ്പുകളിലും റിസയുടെ ഉത്തരപ്പേപ്പർ കറങ്ങുന്നുണ്ട്. രസകരമായ കമന്റുകളിലൂടെ രംഗം കൊഴുപ്പിക്കുകയാണ് ആരാധകർ.