''കൃത്യം ചെയ്തത് ബോധമില്ലാത്ത സമയത്ത്; ചാടിയെണീക്കാൻ നോക്കിയപ്പോൾ രക്തം തളംകെട്ടിക്കിടക്കുന്നതാണ് കണ്ടത്''- വെളിപ്പെടുത്തലുമായി സ്വാമി ഗംഗേശാനന്ദ
''ഞാന്‍ തെറ്റ് ചെയ്തുവെന്ന് ലോകം മുഴുവന്‍ പറഞ്ഞപ്പോഴും ഞാന്‍ പ്രതികരിച്ചില്ല. ഞാന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. അനുഭവിക്കാന്‍ ഉള്ളത് ഞാന്‍ അനുഭവിച്ചുകഴിഞ്ഞു. ബി സന്ധ്യയുടെ പങ്ക് പൊലീസ് അന്വേഷിക്കണം.''
തിരുവനന്തപുരം പേട്ടയിൽ പെൺകുട്ടിയും ആൺസുഹൃത്തും ചേർന്ന് ജനനേന്ദ്രിയം ഛേദിച്ച കേസിൽ വിശദമായ വെളിപ്പെടുത്തലുമായി സ്വാമി ഗംഗേശാനന്ദ. തെറ്റ് ചെയ്തുവെന്ന് ലോകം മുഴുവൻ പറഞ്ഞപ്പോഴും ഞാൻ പ്രതികരിച്ചില്ല. തെറ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ ഡി.ജി.പി ബി. സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്നും ഗംഗേശാനന്ദ ആവശ്യപ്പെട്ടു.
2017 ഫെബ്രുവരി 20ന് രാത്രിയിലാണ് ഗംഗേശാനന്ദയ്ക്കു നേരെ ആക്രമണം നടന്നത്. തിരുവനന്തപുരം പേട്ടയിൽ കണ്ണമ്മൂലയിലുള്ള പെൺകുട്ടിയുടെ വീട്ടിൽ അതിഥിയായെത്തിയതായിരുന്നു ഇദ്ദേഹം. സ്വാമി പീഡിപ്പിക്കാൻ ശ്രമിക്കുന്നിതിനിടിയൽ ലിംഗം മുറിച്ചെന്നാണ് പെൺകുട്ടി ആദ്യം പൊലീസിനോട് പറഞ്ഞത്. സ്വാമി ഗംഗേശാനന്ദയുടെ വാർത്താസമ്മേളനത്തിലെ പ്രസക്ത ഭാഗം:
'അന്ന് വേദന കാരണമാണ് ഞാൻ തന്നെ ചെയ്തതാണെന്ന് പറഞ്ഞത്'
സുന്നത്ത് നടത്തിയവർക്ക് ഇതിന്റെ വേദനയറിയാം. ഇതു മുറിഞ്ഞവരുടെ വേദന ഭയങ്കരമാണെന്നാണ് എന്റെ അനുഭവം. അങ്ങനെ പച്ചയായി മുറിഞ്ഞ് അഞ്ച് ലിറ്റർ രക്തം പോയ നേരത്ത് ഡോക്ടർമാർ ചോദ്യം ചെയ്താൽ ഞാൻ എന്തു പറയും? ഇതിന്റെ വേദന അനുഭവിക്കുകയായിരുന്നു ഞാൻ. ഇത് തുന്നിച്ചേർക്കണ്ടേ? അവസാനം പറയുകയായിരുന്നു, ഞാൻ തന്നെ സ്വയം ചെയ്തതാണെന്ന്.
ഈ വേദനയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു എന്റെ ആവശ്യം. ഒന്നുകിൽ മുറിച്ചുകളയണം, അല്ലെങ്കിൽ തുന്നിക്കെട്ടണമെന്നാണ് ഞാൻ ഡോക്ടർമാരോട് പറഞ്ഞത്. ഇങ്ങനെ ഇടരുതെന്ന് ആവശ്യപ്പെട്ടു.
എനിക്ക് അറിയില്ലെന്ന് ഞാൻ ആദ്യം പറഞ്ഞിരുന്നു. അത് ഇവർ സമ്മതിച്ചില്ല. ബോധമില്ലാത്ത സമയത്ത് ചെയ്തതായിരിക്കാം. ആരാണ് ചെയ്തതെന്ന് ഞാൻ കണ്ടിട്ടില്ല. കാണാത്ത ഒരു കാര്യം എനിക്ക് പറയാനാകില്ല. ആരാണ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തട്ടെ..
'ഇരുട്ടായിരുന്നു; ലൈറ്റിട്ടപ്പോഴാണ് രക്തം തളംകെട്ടിക്കിടക്കുന്നത് കാണുന്നത്'
അതിശക്തമായ വേദന വന്ന് ഞാൻ ആ ഭാഗത്ത് കൈവച്ചപ്പോൾ എന്തോ ഒന്ന് എന്റെ കൈയിൽ തട്ടി. കൈയിൽ ചെറിയൊരു മുറിവുണ്ടായി. ഇരുട്ടായിരുന്നു. ചാടിയെണീക്കാൻ നോക്കിയപ്പോൾ നടക്കുന്നില്ല. അപ്പോഴാണ് നനവ് കാണുന്നത്. പിന്നീട് ലൈറ്റിട്ടപ്പോഴാണ് രക്തം തളംകെട്ടിക്കിടക്കുന്നത് കാണുന്നത്. 80 ശതമാനം മുറിഞ്ഞെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഈ കാര്യം നടന്നപ്പോൾ എനിക്ക് ബോധമില്ലാത്ത സമയമായിരുന്നു.
ഞാൻ മൂത്രമൊഴിക്കുന്ന അവയവത്തിന് ഇപ്പോൾ ചെറിയൊരു വളവുണ്ട്. മൂത്രമൊഴിക്കുന്നതിന് ഇപ്പോൾ പ്രശ്‌നമൊന്നുമില്ല. വേറെ കുഴപ്പമൊന്നുമില്ല. ആരോഗ്യപ്രശ്‌നമൊന്നുമില്ല. 284 ദിവസം ഞാൻ യൂറിൻ ബാഗ് പിടിച്ചുനടന്നു. എന്റെ ജീവിതക്രമം കൊണ്ടോ എന്താണെന്നറിയില്ല ഇൻഫക്ഷനൊന്നും വന്നില്ല.
'ഈ കേസ് തമ്പുരാന് വിട്ടിരിക്കുകയാണ്'
ഈ കാര്യം തീരുമാനമെടുത്ത് നടപ്പാക്കിയത് ഈ പെൺകുട്ടിയും യുവാവും മാത്രമല്ല. അസിസ്റ്റന്റ് കമ്മീഷണർ അരുൺകുമാറായിരുന്നു അന്ന് എന്നെ ചോദ്യം ചെയ്തത്. കുട്ടിക്കും അയ്യപ്പദാസിനും എതിരെ കേസ് കൊടുക്കണമെന്ന് അന്ന് എന്നോട് പറഞ്ഞു. എന്നാൽ, കുട്ടിക്കെതിരെ എനിക്ക് പരാതിയില്ലെന്നാണ് ഞാൻ അന്നു പറഞ്ഞത്. ബാക്കി ഞങ്ങൾക്കൊരു കോടതിയുണ്ട് മുകളിൽ. ഈ കേസ് ഞാൻ തമ്പുരാന് വിട്ടിരിക്കുകയാണ്. തമ്പുരാൻ അത് കൃത്യമായി ചെയ്യുന്നുമുണ്ട്.
ഒരു സന്ന്യാസിക്കെതിരെ ആരോപിക്കാൻ പറ്റിയ രണ്ടു കാര്യങ്ങൾ പണവും പെണ്ണുമാണ്. പെണ്ണ് വിഷയത്തിലാകുമ്പോൾ ആരും സഹായിക്കാൻ വരില്ല.
സംഭവം നടക്കുമ്പോൾ സന്ധ്യ ഇവിടത്തെ എ.ഡി.ജി.പിയാണ്. പൊലീസിന്റെ ഉന്നതസ്ഥാലം അലങ്കരിച്ച ടോമിൻ തച്ചങ്കരിയും ടി.പി സെൻകുമാറുമെല്ലാം പറഞ്ഞതാണ് സംഭവത്തിൽ ഗൂഢാലോചനയുണ്ട്. ഞാൻ ശരിയാണെന്ന് പറയുന്നില്ല. തെറ്റുകാരനാണെങ്കിൽ ഞാൻ ശിക്ഷിക്കപ്പെടട്ടെ. ഭരണസംവിധാനത്തിൽ വിശ്വാസമുണ്ട്. മുഖ്യമന്ത്രിയെ വിശ്വാസമാണ്. നിയമസംവിധാനത്തിലും വിശ്വാസമുണ്ട്. അവർ അന്വേഷിക്കട്ടെ.
ഞാനൊരു തെറ്റ് ചെയ്തതെന്ന് പത്രങ്ങളും പൊലീസും ബി.ബി.സി അടക്കമുള്ള മാധ്യമങ്ങളും ഈ ലോകം മുഴുവൻ പറഞ്ഞു. ഞാൻ നിഷേധിക്കാനൊന്നും പോയിട്ടില്ല. അഞ്ചുവർഷമായി എനിക്കെതിരെ ഒരു കുറ്റപത്രം പോലും നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം എന്നെ ഗൂഢാലോചനയിൽപെടുത്തുകയായിരുന്നുവെന്ന റിപ്പോർട്ട് കേട്ടു. പെൺകുട്ടിക്കും കുട്ടിയുടെ കാമുകനായ അയ്യപ്പദാസിനുമെതിരെ കേസെടുക്കാൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും ഞാൻ അറിഞ്ഞു. ഞാൻ തെറ്റ് ചെയ്താൽ എന്നെ ശിക്ഷിക്കുകയല്ലേ വേണ്ടത്. എന്റെ ജനനേന്ദ്രിയം മുറിക്കുകയാണോ വേണ്ടത്?
ഞാൻ കണ്ണന്മൂലയിൽ വന്നത് ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലം സ്മാരകമാക്കാനാണ്. അതിനിടയിലുണ്ടായ കുറേ സംഭവങ്ങളുണ്ട്. അവിടെ ഗുണ്ടകൾ വന്നതും നാട്ടുകാരെ അടിച്ചതും അവിടത്തെ പ്രതിമ പൊലീസുകാർ കൊണ്ടുപോയതുമെല്ലാം. അന്ന് എന്നെ കത്തിക്കുമെന്ന് പറഞ്ഞിട്ടാണ് ഒരു സി.ഐയെ സസ്‌പെൻഡ് ചെയ്തത്.
അന്ന് കോടിയേരി ബാലകൃഷ്ണനാണ് ആഭ്യന്തര മന്ത്രി. ആ പ്രതിമ ഇരുന്ന സ്ഥലത്ത് ഷൂ ഇട്ട് ഒരു സി.ഐ ചവിട്ടി. ആ സി.ഐയെ സസ്‌പെൻഡ് ചെയ്യുന്നതുവരെ ഉപവാസമിരിക്കുമെന്ന് ഞാൻ പറഞ്ഞു. മന്ത്രി ശിവൻകുട്ടിയാണ് എന്‍റെ ഉപവാസം അവസാനിപ്പിക്കുന്നത്.
ചട്ടമ്പിസ്വാമിയുടെ സ്ഥലത്തിന്റെ കാര്യത്തിൽ നിയമസഭയിൽ ഇടപെട്ടത് എം.എ വാഹിദ് എം.എൽ.എയാണ്. അദ്ദേഹം ഹിന്ദുവൊന്നും ആയിരുന്നില്ല. അന്ന് ബി സന്ധ്യ മുഖ്യമന്ത്രിയെ വിളിച്ച് വാഹിദിന് ഇതിലെന്താണ് കാര്യമെന്ന് ചോദിച്ചു. ഇത് സന്ധ്യയുടെ ഒന്നും സ്ഥലമല്ലല്ലോ, ചട്ടമ്പി സ്വാമിയുടെ സ്ഥലമല്ലേ എന്നാണ് വാഹിദ് തിരിച്ചുപറഞ്ഞത്.
Summary: ''I was unconscious then; When I tried to jump, I saw blood on the floor '', Swami Gangeshananda reveals on bobbitisation case