ഐ സി യു പീഡനക്കേസ്: ചീഫ് നഴ്സിംഗ് ഓഫിസറുടെ സ്ഥലം മാറ്റത്തിന് സ്റ്റേ
രണ്ട് മാസത്തേക്കാണ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്ഥലംമാറ്റം സ്റ്റേ ചെയ്തത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ഐ സി യു പീഡനക്കേസിൽ നടപടി നേരിട്ട ചീഫ് നഴ്സിംഗ് ഓഫിസർ വി പി സുമതിയുടെ സ്ഥലം മാറ്റത്തിന് സ്റ്റേ. രണ്ട് മാസത്തേക്കാണ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്ഥലംമാറ്റം സ്റ്റേ ചെയ്തത്.
വിശദീകരണം ചോദിക്കാതെയാണ് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയത് എന്ന് വി പി സുമതി ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. ഡി എം ഇ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരമായിരുന്നു സ്ഥലം മാറ്റം.
ഐസിയുവിൽ പീഡനത്തിന് ഇരയായ അതിജീവിതയെ വാർഡിലെത്തി ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ അഞ്ച് പേരെ ഇവിടെ നിന്നു സ്ഥലം മാറ്റിയിരുന്നു. ഭീഷണിപ്പെടുത്തുന്നത് തടയാൻ ചീഫ് നഴ്സിംഗ് ഓഫിസർ വി പി സുമതിക്ക് കഴിഞ്ഞില്ലെന്ന് പറഞ്ഞാണ് ഇവരെ സ്ഥലം മാറ്റിയത്. അതെ സമയം ആരോപണ വിധേയരായ അഞ്ച് പേർക്കെതിരെ നടപടി സ്വീകരിച്ചതിന്റെ പേരിലാണ് സുമതിയെ സ്ഥലം മാറ്റിയതെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ആരോപിക്കുന്നു.
അതിജീവിതക്ക് അനുകൂലമായ നടപടിയെടുത്തതിന്റെ പേരിലാണ് ഇവരെ സ്ഥലം മാറ്റിയതെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. സുമതിക്കൊപ്പം അതിജീവിതക്ക് അനുകൂലമായി നിലപാടെടുത്തതിന്റെ പേരിൽ സ്ഥലം മാറ്റം ലഭിച്ച സീനിയർ നർസിങ് ഓഫീസർ പി. ബി അനിതയും ട്രൈബ്യൂണലിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നു