കാസർകോട് ഈസ്റ്റ് എളേരിയിൽ കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം; മുൻ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ വനിതാ അംഗങ്ങൾ
സ്വകാര്യ ഭാഗത്ത് മർദിച്ചുവെന്ന പ്രചാരണത്തിലൂടെ ജയിംസ് പന്തമാക്കൽ വനിതാ അംഗത്തെ അപമാനിച്ചെന്ന് പരാതി
കാസര്‍കോട്: കാസർകോട് ഈസ്റ്റ് എളേരിയിൽ കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷമായി. മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ജെയിംസ് പന്തമ്മാക്കലിനെതിരെ പരാതിയുമായി കോൺഗ്രസ് വനിതാ അംഗങ്ങൾ രംഗത്ത് വന്നു. സ്വകാര്യ ഭാഗത്ത് മർദിച്ചുവെന്ന പ്രചാരണത്തിലൂടെ ജയിംസ് പന്തമാക്കൽ വനിതാ അംഗത്തെ അപമാനിച്ചെന്ന് പരാതി.
ഈസ്റ്റ് എളേരി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടന്ന ജൽജീവൻ മിഷൻ യോഗത്തിൽ ജയിംസ് പന്തമ്മക്കൽ പഞ്ചായത്ത് പ്രസിഡന്‍റുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതിനെ തുടർന്ന് കയ്യേറ്റം വരെ കാര്യങ്ങൾ എത്തി. ഇതിനിടയിലേക്ക് വനിത അംഗങ്ങൾ വന്നതോടെ ബഹളമായി. ജയിംസ് പന്തമ്മക്കൽ ആക്രമിച്ചെന്ന് വനിത അംഗം പരാതി നൽകി. ഇതിന് പിന്നാലെ തന്‍റെ സ്വകാര്യഭാഗത്ത് വനിതാപഞ്ചായത്തംഗം മർദ്ദിച്ചെന്ന പരാതിയുമായി ജെയിംസ് രംഗത്ത് വന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണ് ജയിംസ് നടത്തുന്നതെന്ന് കാണിച്ച് വനിതാ അംഗം ജില്ലാ പൊലീസ് മേധാവിക്കും കലക്ടർക്കും വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി.
വനിതാ അംഗത്തിനെതിരായ അപവാദ പ്രചാരണത്തിൽ ജില്ലാ കോൺഗ്രസ് നേതൃത്വം ഇടപെടുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ആരോപിച്ചു. കോൺഗ്രസ് നേതൃത്വവുമായി തെറ്റി ജനകീയ വികസനമുന്നണിയുണ്ടാക്കി പഞ്ചായത്ത് ഭരിച്ച ജയിംസ് പന്തമാക്കലിനെ പത്തുവർഷം മുൻപ് കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ വർഷം അവസാനം ജനകീയ വികസനമുന്നണി കോൺഗ്രസിൽ ലയിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് ജയിംസ് പന്തമ്മാക്കൽ കോൺഗ്രസിൽ തിരിച്ച് എത്തിയത്. ഇതോടെ ഈസ്റ്റ് എളേരിയിലെ കോൺഗ്രസിൽ വിഭാഗീയത രൂക്ഷമായി.