കൊല്ലത്ത് ലഹരി സംഘം എക്‌സൈസ് വാഹനം തോട്ടിലേക്ക് എറിഞ്ഞു
രക്ഷപ്പെട്ട പ്രതികൾക്കായി എക്സൈസും,പോലീസും അന്വേഷണം വ്യാപിപ്പിച്ചു
കൊല്ലം: കരുനാഗപ്പള്ളിയിൽ ലഹരി സംഘത്തെ പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമം. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരുടെ വാഹനം തോട്ടിലേക്ക് ലഹരി സംഘം എടുത്തെറിഞ്ഞു. രക്ഷപ്പെട്ട പ്രതികൾക്കായി എക്സൈസും,പോലീസും അന്വേഷണം വ്യാപിപ്പിച്ചു.
കൊല്ലം കുലശേഖരപുരം ആദിനാട് വടക്ക് വച്ചായിരുന്നു സംഭവം. സഹോദരങ്ങളായ സക്കീർ ,ശാലു എന്നിവർ എംഡിഎംഎ കച്ചവടം നടത്തുന്നതായ വിവരം എക്സൈസിന് ലഭിച്ചു. എക്സൈസ് സംഘം പരിശോധനക്കെത്തുമ്പോഴാണ് അക്രമം ഉണ്ടായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പടെ ഉള്ള ഉദ്യോഗസ്ഥരെ മാരകായുധങ്ങൾ ഉപയോഗിച്ച് സക്കീറും, ശാലുവും അക്രമിക്കുകയായിരുന്നു. ആയുധങ്ങൾ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ ഉദ്യോഗസ്ഥർ എത്തിയ രണ്ട് ബൈക്കുകളും നശിപ്പിച്ചു.
വീട്ടിനകത്ത് നടന്ന പരിശോധനയിൽ പതിനൊന്ന് ഗ്രാം എം.ഡി എം എ, പത്ത് ഗ്രാം കഞ്ചാവ് ,ഒരു മൊബൈൽ ഫോൺ, ലഹരി വസ്തുക്കൾ മരുന്ന് തൂക്കി വിൽക്കുന്ന ഇലക്ട്രോണിക്സ് ത്രാസ് എന്നിവ കണ്ടെടുത്തു.
സംഭവം അറിഞ്ഞ് കരുനാഗപ്പള്ളി പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളായ സഹോദരങ്ങൾ രക്ഷപ്പെട്ടിരിന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വതിൽ ഉള്ള എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്. പ്രതികൾക്കായി പോലീസും, എക്സൈസും അന്വേഷണം ഊർജിതമാക്കി.