സിനിമാതാരങ്ങൾക്കെതിരായ നടിയുടെ പരാതിയിൽ ഇന്ന് മൊഴി രേഖപ്പെടുത്തും
മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരിക്കും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുക
കൊച്ചി: സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരായ നടിയുടെ പരാതിയിൽ പൊലീസ് ഇന്ന് മൊഴിയെടുത്തേക്കും. ആരോപണത്തിന് പിന്നാലെ, പ്രത്യേക അന്വേഷണസംഘത്തിന് ഇന്നലെ നടി പരാതി നൽകിയിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരിക്കും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുക.
അതേസമയം തനിക്കെതിരായ പരാതിയിൽ ഗൂഢാലോചനയുണ്ടെന്ന് കാട്ടി നടനും മുൻ അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു നൽകിയ പരാതിയിലും പൊലീസ് അന്വേഷണം നടത്തും. രണ്ട് സ്ത്രീകളുടെ ആരോപണത്തിൽ ഗൂഢാലോചന ആരോപിച്ച് ഇന്നലെയാണ് നടൻ ഇടവേള ബാബു പൊലീസിനും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയത്.
അതിനിടെ സിനിമാരംഗത്ത് നിന്ന് ദുരനുഭവം നേരിട്ട സ്ത്രീകൾക്ക് സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് പരാതികൾ ഉന്നയിക്കാൻ സംവിധാനവുമായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പരാതികൾ അറിയിക്കാൻ ഇ- മെയിൽ ഐ.ഡിയും വാട്സ്ആപ്പ് നമ്പരും ഏർപ്പെടുത്തി. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയുടെ മെയിൽ ഐഡിയിൽ പരാതി നൽകാം. അന്വേഷണ സംഘത്തിലെ ഡിഐജി അജിത ബീഗത്തിന്‍റെ ഇ-മെയിൽ ഐ.ഡിയാണിത്. 0471-2330747 എന്ന നമ്പരിലും പരാതികൾ അറിയിക്കാം. ഇതുവഴി ലഭിക്കുന്ന പരാതികളിൽ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് കേസുകൾ രജിസ്റ്റർ ചെയ്യും. ഇതിനിടെ നടൻ സിദ്ദിഖിനെതിരെ യുവനടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.