ഉടുമ്പന്‍ചോലയില്‍ കാട്ടാനക്കൂട്ടം ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചു

തമിഴ്നാട് റിസർവ്വ് ഫോറസ്റ്റിൽ നിന്നെത്തിയ കാട്ടാനകൾ ജനങ്ങളെ ഭീതിയിലാക്കി പ്രദേശത്ത് തുടരുകയാണ്

Update: 2021-05-24 01:49 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഇടുക്കി ഉടുമ്പൻചോലയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചു. തമിഴ്നാട് റിസർവ്വ് ഫോറസ്റ്റിൽ നിന്നെത്തിയ കാട്ടാനകൾ ജനങ്ങളെ ഭീതിയിലാക്കി പ്രദേശത്ത് തുടരുകയാണ്. ആനകളെ തിരികെ കാട് കയറ്റാനുള്ള ശ്രമത്തിലാണ് വനം വകുപ്പ് .

കഴിഞ്ഞ ദിവസം രാവിലെയാണ് മൂന്ന് കാട്ടാനകൾ തമിഴ്നാട് വനമേഖലയിൽ നിന്നും ഉടുമ്പൻചോല ടൗണിന് സമീപം ശാന്തരുവിയിൽ എത്തിയത്.മുമ്പ് കാട്ടിനുള്ളിലേക്ക് പോയിരുന്ന കാട്ടാന ഇത്തവണ നേരെ ജനവാസ മേഖലയിലേക്കാണ് എത്തിയത്.കുമളി മൂന്നാർ സംസ്ഥാനപാതയോടു ചേർന്ന ഏലത്തോട്ടങ്ങളിലേക്ക് കടന്ന് ഏലം കൃഷി വ്യാപകമായി നശിപ്പിക്കുകയായിരുന്നു. സമീപ കൃഷിയിടങ്ങളിലെ കുരുമുളക്, വാഴ, മരച്ചീനി കൃഷികളും നശിപ്പിച്ചു.18 ഏക്കറിലധികം കൃഷിയാണ് നശിച്ചത്.

കാട്ടാനക്കൂട്ടം ഇനിയും തിരികെ മടങ്ങിയിട്ടില്ല. ആറുമാസങ്ങൾക്ക് മുമ്പ് എത്തിയപ്പോൾ രണ്ടാഴ്ചത്തെ പരിശ്രമത്തിനൊടുവിലാണ് മടക്കി അയക്കുവാനായത്.കോവിഡ് അതിവ്യാപനംമൂലം കർശന നിയന്ത്രണങ്ങളുള്ള മേഖലയിൽ രാത്രികാലങ്ങളിൽ കാട്ടാന ശല്യംകൂടിയായതോടെ നാട്ടുകാർ ഭീതിയിലാണ്.വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആനയെ മടക്കി അയക്കുവാനുള്ള ശ്രമം തുടരുകയാണ്. പകൽ കുറ്റിക്കാട്ടിൽ കയറുന്ന ആന വീണ്ടും രാത്രിയിലാണ് മടങ്ങി വരാറ്.ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് അധികൃതർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കൃഷിനാശം ഉണ്ടായ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തുന്ന നടപടികൾ ആരംഭിച്ചു.


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News