Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട് പൊലീസ് കമ്മീഷണർ നാല് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. വാഹന നിയമ ലംഘനങ്ങൾ തടയാൻ സ്വീകരിച്ച നടപടികളെ കുറിച്ച് സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
ഇന്നലെയായിരുന്നു വടകര കടമേരി സ്വദേശി ആല്‍വിൻ സ്വകാര്യ സ്ഥാപനത്തിന്‍റെ പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് മരിച്ചത്. തലക്ക് പിന്നിലേറ്റ ക്ഷതമാണ് മരണ കാരണം. ഇടിയുടെ ആഘാതത്തിൽ ആന്തരിക ക്ഷതവുമുണ്ടായി എന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. 999 ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിൻ്റെ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. സ്ഥാപനത്തിന്റെ ഉടമ സാബിത്, ജീവനക്കാരൻ റയീസ് എന്നിവർ ഓടിച്ചിരുന്ന രണ്ട് വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ആയിരുന്നു ആൽവിൻ മൊബൈലിൽ ചിത്രീകരിച്ചിരുന്നത്. ഇതിനിടെ സാബിത് ഓടിച്ച ബെൻസ് ജീ വാഗൺ ആൽവിനെ ഇടിക്കുകയായിരുന്നു.