വർധിച്ച ലഹരി ഉപയോഗം; സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമെന്ന് പ്രതിപക്ഷം
സ്‌കൂൾ വിദ്യാർത്ഥികളിൽ അടക്കം ലഹരി ഉപയോഗം വ്യാപകമാണ്. സ്‌കൂളിന്റെ പേര് ചീത്തയാകാതിരിക്കാൻ അധികൃതർ ഇക്കാര്യം മനപ്പൂർവം മറച്ചുവെക്കുകയാണ്
Update: 2022-08-31 05:00 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്ന് പിസി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചുവരികയാണ്. കേസുകളിൽ പിടിയിലാകുന്നവരിൽ ഭൂരിഭാഗവും യുവാക്കളാണ്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
'കേരളം മയക്കുമരുന്ന് ബാധിത മേഖലയായി മാറിയിരിക്കുകയാണ്. സ്‌കൂൾ വിദ്യാർത്ഥികളിൽ അടക്കം ലഹരി ഉപയോഗം വ്യാപകമാണ്. സ്‌കൂളിന്റെ പേര് ചീത്തയാകാതിരിക്കാൻ അധികൃതർ ഇക്കാര്യം മനപ്പൂർവം മറച്ചുവെക്കുകയാണ്'; പിസി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
വിഷയം ഗൗരവമാണെന്നും ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.