വ്യാജ അപകടം സൃഷ്ടിച്ച് സംസ്ഥാനത്ത് കോടികളുടെ ഇന്‍ഷുറന്‍സ് തട്ടിപ്പ്
പോലീസ്-അഭിഭാഷക കൂട്ടുകെട്ടാണ് തട്ടിപ്പ് നടത്തുന്നത്
വ്യാജ രേഖകള്‍ ചമച്ച് സംസ്ഥാനത്ത് കോടികളുടെ ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. വ്യാജ അപകടം സൃഷ്ടിച്ച് പോലീസ്-അഭിഭാഷക കൂട്ടുകെട്ടാണ് തട്ടിപ്പ് നടത്തുന്നത്. കൂടുതൽ കേസുകൾ വരും ദിവസങ്ങളിൽ രജിസ്റ്റർ ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു
സംസ്ഥാനത്ത് വാഹനാപകട ക്ലെയിം കേസുകളില്‍ തട്ടിപ്പ് നടക്കുന്നതായി ഇന്‍ഷുറന്‍സ് കമ്പനികളുടെ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി എന്നിവര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. ക്രൈംബ്രാഞ്ചിന് കൈമാറിയ പരാതി ഡിവൈഎസ്പി ആര്‍ അനില്‍കുമാറാണ് അന്വേഷിച്ചത്. പരാതിയില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തിയതോടെ വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു.
തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് എസ് പി പ്രശാന്തന്‍ കാണിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. KL 01 BR 1372 എന്ന ബൈക്ക് 11 വാഹനാപകട കേസുകളിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. നിലവില്‍ പതിനഞ്ചോളം വ്യാജ അപകട കേസുകളെ സംബന്ധിച്ച് സമഗ്രമായ തെളിവ് ലഭിച്ചു. വിവിധ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ എന്നിവരാണ് തട്ടിപ്പിന് പിന്നില്‍.. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.