പീഡന പരാതിയിലെ ഇടപെടൽ; എ.കെ ശശീന്ദ്രൻ രാജിവെക്കേണ്ടെന്ന് സി.പി.എം
മന്ത്രിയുടെ ഇടപെടലില്‍ അസ്വാഭാവികതയില്ലെന്നും കേസില്‍ അന്വേഷണം തുടരട്ടെയെന്നുമാണ് സി.പി.എം നിലപാട്.
എന്‍.സി.പി നേതാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെക്കേണ്ടെന്ന് സി.പി.എം. എ.കെ.ജി സെന്‍ററില്‍ ചേര്‍ന്ന കൂടിയാലോചനയ്ക്ക് പിന്നാലെയാണ് തീരുമാനം. മന്ത്രിയുടെ ഇടപെടലില്‍ അസ്വാഭാവികതയില്ലെന്നും കേസില്‍ അന്വേഷണം തുടരട്ടെയെന്നുമാണ് സി.പി.എം നിലപാട്.
ക്ലിഫ്ഹൗസില്‍ നേരിട്ടെത്തി ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പറയാനുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അത് ബോധ്യപ്പെട്ടോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താന്‍ ഇടപെട്ടതെന്നും രണ്ട് പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള വിഷയമായതിനാല്‍ മാത്രമാണ് ഇടപെട്ടതെന്നുമാണ് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയോട് ശശീന്ദ്രന്‍ വിശദീകരണം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയത്. രാജിവെക്കേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രിയും സ്വീകരിച്ചതെന്നാണ് വിവരം.