മിസിങ് കേസിലെ അന്വേഷണമെത്തിയത് നരബലിയിലേക്ക്; സ്ത്രീകളെ വശത്താക്കിയത് സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത്
രണ്ട് സ്ത്രീകളെയും മാസങ്ങളുടെ വ്യത്യാസത്തിലാണ് കാണാതായത്
കൊച്ചി: കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്തതും ഞെട്ടിപ്പിക്കുന്നതുമായ വാർത്തയാണ് നരബലിയെ കുറിച്ച് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പത്തനംതിട്ട കുഴിക്കാലയിലാണ് രണ്ടു സ്ത്രീകളെ നരബലിക്കായി കൊലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ ദമ്പതികളടക്കം മൂന്നുപേർ ഇപ്പോൾ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നു. അറസ്റ്റിലായ ഏജന്റ് ഷാഫിയാണ് കൊല്ലപ്പെട്ട രണ്ടുസ്ത്രീകളെയും ദമ്പതികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത്.
നരബലിക്കിരയായത് ലോട്ടറി വിൽപ്പനക്കാരികളായ സ്ത്രീകളാണെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ മാസമാണ് കടവന്ത്ര സ്വദേശിയായ പത്മയെ കാണാതാവുന്നത്. ഇവരെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസിൽ പരാതി നൽകി. ഈ മിസിങ് കേസ് അന്വേഷിക്കുന്നതിനിടെയിലാണ് ക്രൂരമായ നരബലിയിലേക്ക് പൊലീസ് എത്തുന്നത്. പത്മയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് കാലടി സ്വദേശിയായ റോസ്‍ലിനെയും സമാന രീതിയിൽ കാണാതായി എന്ന് മനസിലാക്കുന്നത്. രണ്ട് സ്ത്രീകളെയും മാസങ്ങളുടെ വ്യത്യാസത്തിലാണ് കാണാതായത്. കൊല്ലപ്പെട്ട പത്മയുടെ ഫോൺ ഫോൺ തിരുവല്ലയിൽ വച്ച് ഓഫായതായി കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലിയാണെന്ന് കണ്ടെത്തുന്നത്. ഏജന്റ് ഷാഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് ദമ്പതികളെ കസ്റ്റഡിയിലെടുത്തത്. പത്മയെയും റോസ്‍ലിനെയും ഷാഫിയാണ് പത്തനംതിട്ടയിലേക്ക് കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. ദമ്പതികളുടെ വീട്ടിൽ വെച്ചാണ് നരബലി നടത്തിയത്. ജൂണിലും സെപ്റ്റംബറിലുമാണ് ക്രൂരമായ കൊലപാതകം നടന്നത്. ദമ്പതികൾക്ക് വേണ്ടിയാണ് രണ്ട് കൊലപാതകവും നടത്തിയത്. മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നെന്നും പൊലീസ് പറയുന്നുണ്ട്.
ഏജന്‍റായ ഷാഫി എന്ന റഷീദ് സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്താണ് സ്ത്രീകളെ കൊണ്ടുപോയതെന്നും പൊലീസ് പറയുന്നു. നരബലി മറ്റെവിടെയെങ്കിലും നടക്കുന്നുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.