വിശ്വാസിയായ ഒരാളെ അവിശ്വാസിയെന്ന് മുദ്രകുത്തുന്നത് ശരിയല്ല; ബഹാഉദ്ദീൻ നദ്‌വിക്ക് മറുപടിയുമായി കെ.ടി ജലീൽ
അഡ്വ. എം.കെ സക്കീർ ഒരു മതനിഷേധിയോ ഇസ്ലാമിക ആരാധനാമുറകൾ അനുഷ്ഠിക്കാത്ത വ്യക്തിയോ അല്ലെന്നും കെ.ടി ജലീൽ വ്യക്തമാക്കി
വഖ്ഫ് ബോർഡ് ചെയർമാനായി അഡ്വ. എം.കെ സക്കീറിനെ നിയമിച്ചതിനെതിരെ വിമർശനമുന്നയിച്ച സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിക്ക് മറുപടിയുമായി കെ.ടി ജലീൽ. സക്കീർ ഒരു മതനിഷേധിയോ ഇസ്ലാമിക ആരാധനാമുറകൾ അനുഷ്ഠിക്കാത്ത വ്യക്തിയോ അല്ല. ഏതെങ്കിലും സൈബർ ഗുണ്ടകൾ പോസ്റ്റ് ചെയ്യുന്ന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വാസിയായ ഒരാളെ അവിശ്വാസിയെന്ന് മുദ്രകുത്തുന്നത് ശരിയാണോ എന്ന് ആലോചിക്കണമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
മതനിരാസ വക്താക്കളും ദൈവത്തെ തള്ളിപ്പറയുന്നവരുമായവരെ വഖ്ഫ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിയമിക്കാൻ ഇടതുപക്ഷ സർക്കാർ പ്രത്യേകം താത്പര്യം കാണിക്കുന്നതിനു പിന്നിലെ അജണ്ട വ്യക്തമാണെന്നും ഇസ്ലാമിക നിയമ സംഹിതകൾ സംബന്ധിച്ച് പൊതുവെയും വഖ്ഫ് നിയമങ്ങളെക്കുറിച്ച് സവിശേഷമായും പരിജ്ഞാനമുള്ളവരായിരിക്കണം വഖ്ഫ് ചുമതല ഏൽപ്പിക്കപ്പെടേണ്ടതെന്നുമാണ് നദ്‌വി അഭിപ്രായപ്പെട്ടത്
കെടി ജലീലിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം: 'പുതിയ വഖഫ് ബോർഡ് ചെയർമാൻ അഡ്വ: സക്കീറിനെ കുറിച്ച് താങ്കൾ രേഖപ്പെടുത്തിയ അഭിപ്രായം തീർത്തും തെറ്റാണ്. അദ്ദേഹം ഒരു മതനിഷേധിയോ ഇസ്ലാമിക ആരാധനാമുറകൾ അനുഷ്ഠിക്കാത്ത വ്യക്തിയോ അല്ല. ഏതെങ്കിലും സൈബർ ഗുണ്ടകൾ പോസ്റ്റ് ചെയ്യുന്ന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അങ്ങയെപ്പോലെ ഒരാൾ വിശ്വാസിയായ ഒരാളെ അവിശ്വാസിയെന്ന് മുദ്രകുത്തുന്നത് ശരിയാണോ എന്ന് ആലോചിക്കുക. ഒരു ടേം മുഴുവൻ പൂർത്തിയാക്കിയ പി.എസ്.സിയുടെ പ്രഥമ മുസ്ലിം ചെയർമാനാണ് സക്കീർ. പൊന്നാനിയിലെ പ്രസിദ്ധമായ ഒരു മുസ്ലിം തറവാട്ടിലെ അംഗമാണ്. നല്ല നിയമ പരിജ്ഞാനമുള്ളയാൾ.
വഖഫ് ബോർഡിന്റെ എക്കാലത്തെയും മികച്ച ചെയർമാൻ മുൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ: കെ.എ ജലീൽ സാഹിബാണെന്ന് ആർക്കാണറിയാത്തത്? വഖഫ് ബോർഡ് ഓഫീസിനെ ഒരു ഓഫീസാക്കി ചിട്ടപ്പെടുത്തിയത് ജലീൽ സാഹിബാണ്.
അഡ്വ: സക്കീർ നിരീശ്വരവാദിയാണെന്ന് അങ്ങയോട് ആരാണ് പറഞ്ഞത്. അദ്ദേഹം ദൈവനിഷേധത്തിലൂന്നിയ വല്ല പ്രസ്താവനയും നടത്തിയത് താങ്കൾക്ക് ചൂണ്ടിക്കാനാകുമോ? ഇസ്ലാമിനെ നിന്ദിച്ചും മുസ്ലിം സമുദായത്തെ തള്ളിപ്പറഞ്ഞും എപ്പോഴെങ്കിലും ഒരു പ്രതികരണം അദ്ദേഹം നടത്തിയത് അങ്ങയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒന്ന് വെളിപ്പെടുത്തിയാൽ നന്നാകും.
യഥാർത്ഥ വസ്തുത അറിയുന്നത് കൊണ്ടാണ് സാദിഖലി തങ്ങളോ ലീഗിന്റെ മറ്റു നേതാക്കളോ വഖഫ് ബോർഡ് ചെയർമാനെ നിയമിച്ചതുമായി ബന്ധപ്പെട്ട് വിലകുറഞ്ഞ പ്രതികരണങ്ങൾക്ക് മുതിരാത്തത്. അങ്ങയെപ്പോലെ ഒരു പണ്ഡിതൻ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഉചിതമാണോ എന്ന് ശാന്തമായി ആലോചിക്കുക.
നദ്‌വി സാഹബ്, ഒരുകാര്യം താങ്കൾക്ക് ഉറപ്പിക്കാം. വഖഫ് ബോർഡിന് കാര്യപ്രാപ്തിയും കർമ്മശേഷിയും നിശ്പക്ഷനും സത്യസന്ധനുമായ ഒരു ചെയർമാനെയാണ് കിട്ടിയിരിക്കുന്നത്. വഖഫ് സ്വത്തുക്കളിൽ ഭൂരിപക്ഷവും കൈവശമുള്ള സുന്നി വിഭാഗങ്ങളോട് ഒരിക്കലും അദ്ദേഹം അനീതി കാണിക്കില്ല. ജീവിതത്തിൽ ഇന്നുവരെ ഒരു സാമ്പത്തിക തട്ടിപ്പോ ക്രമക്കേടോ നടത്താത്ത നല്ല റെപ്യൂട്ടേഷൻ ഉള്ള വ്യക്തിയെത്തന്നെയാണ് രണ്ടാം പിണറായി സർക്കാർ വഖഫ് സ്വത്തുക്കളുടെ കാവൽക്കാരനാക്കിയിരിക്കുന്നത്. അതിൽ അങ്ങേക്ക് ഒരു സന്ദേഹവും വേണ്ട. താങ്കളുടെ സംശയങ്ങൾ വരും ദിനങ്ങളിൽ ദൂരീകരിക്കപ്പെടും. കാത്തിരിക്കുക.'